രാജ്യത്തെ ഇന്ധന വില കുതിയ്ക്കുന്നു; വില മൂന്ന് വര്‍ഷത്തെ ഉയരത്തില്‍

By Web DeskFirst Published Aug 28, 2017, 12:10 PM IST
Highlights

ദില്ലി: രാജ്യത്ത് ഇന്ധന വില മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍. രണ്ട് മാസത്തിനിടെ പെട്രോള്‍വില ലിറ്ററിന് ആറ് രൂപ കൂടി. ഡീസല്‍ വില നാല് രൂപ വര്‍ദ്ധിച്ചു. ഇന്ധനവിലയിലെ പ്രതിദിന മാറ്റം നിലവില്‍ വന്ന ശേഷമാണ് വിലയിലെ ഗണ്യമായ വര്‍ദ്ധന. രാജ്യതലസ്ഥാനമായ ദില്ലിയിലെ കണക്കനുസരിച്ച് പെട്രോള്‍ വില 2014 ഓഗസ്റ്റിന് ശേഷമുള്ള ഉയര്‍ന്ന നിരക്കിലാണ്. 

രണ്ട് മാസത്തിനിടെ ആറ് രൂപ വര്‍ദ്ധിച്ചാണ് പെട്രോള്‍ വില റെക്കോഡ് നിരക്കിലെത്തിയത്. ഡീസല്‍ വിലയും ഇക്കാലയളവില്‍ നാല് രൂപയോളം വര്‍ദ്ധിച്ചു. ഓരോ ദിവസവും ഇന്ധന വില പുതുക്കുകയെന്ന രീതി എണ്ണക്കന്പനികള്‍ ആരംഭിച്ചതിന് ശേഷമാണ് വിലയിലെ ഗണ്യമായ വര്‍ദ്ധന. പ്രതിദിന ഇന്ധന വില മാറ്റം നിലവില്‍ വന്നത് ജൂണ്‍ 16ന്. അതിന് ശേഷമുള്ള രണ്ടാഴ്ച നേരിയ തോതില്‍ കുറഞ്ഞ പെട്രോള്‍ വില ജൂലൈ മൂന്നിന് 63 രൂപ 6 പൈസയിലെത്തി. 

എന്നാല്‍ 69 രൂപയ്ക്ക് മുകളിലാണ് ദില്ലിയിലെ ഇന്നത്തെ പെട്രോള്‍ വില. ഒരോ ദിവസവും നിശബ്ദമായി വര്‍ദ്ധിക്കുന്നതിനാല്‍ ഇന്ധനവിലയിലെ മാറ്റം ഭൂരിപക്ഷത്തിന്റെയും ശ്രദ്ധയില്‍ പെടുന്നില്ല. കേരളത്തിലും കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാനമായ രീതിയില്‍ ഇന്ധനവില വര്‍ദ്ധിച്ചിട്ടുണ്ട്. കൊച്ചിയിലെ കണക്കനുസരിച്ച് ഒരു ലിറ്റര്‍ പെട്രോളിന് 71 രൂപ 64 പൈസയും ഡീസലിന് 60 രൂപ 87 പൈസയാണ് ഇന്നത്തെ നിരക്ക്.
 
രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണക്കന്പനികള്‍ ഇന്ധന വില നിശ്ചയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ക്രൂഡോയില്‍ വില ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചിട്ടില്ല. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നില മെച്ചപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എണ്ണ വില പുതുക്കുന്നതിന്റെ മാനദണ്ഡം നിശ്ചയിക്കാന്‍ റെഗുലേറ്ററി ബോര്‍ഡ് വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

click me!