
ദില്ലി: ഇന്ധനവില തുടര്‍ച്ചയായ പത്താം ദിവസവും കുതിച്ചുയര്‍ന്നിട്ടും നടപടിയെടുക്കാതെ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നെങ്കിലും ഇന്ധനവില വര്‍ദ്ധന ചര്‍ച്ചയായില്ല. ദീര്‍ഘകാല പരിഹാരത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ പ്രതികരണം
പത്ത് ദിവസത്തിനിടയിൽ പെട്രോളിന് രണ്ട് രൂപ അറുപത്തിയെട്ട് പൈസയും ഡീസൽ ലിറ്ററിന് രണ്ട് രൂപ അൻപത്തിയെട്ട് പൈസയും കൂടിയിട്ടും കേന്ദ്രസര്‍ക്കാരിന് കുലുക്കമില്ല. എക്സൈസ് തീരുവ കുറച്ച് താത്കാലിക ആശ്വാസം നൽകാൻ കേന്ദ്രസര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
എക്സൈസ് തീരുവ ഇനത്തിൽ പെട്രോളിന് 19 രൂപ 48 പൈസയും ഡീസലിന് 15 രൂപ 33 പൈസയും കിട്ടുന്നത് ദേശീയ പാത നിര്‍മ്മാണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്‍റെ ന്യായീകരണം. പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപയും ഡീസലിന് 74 രൂപ 16 പൈസയുമായി. ദില്ലിയിൽ പെട്രോളിന് 76 രൂപ 57 പൈസയും മുബൈയിൽ 84 രൂപ 40 പൈസയുമാണ് വില.
കഴിഞ്ഞ വര്‍ഷം ജൂൺ 16ന് ഇന്ധന വില ദിവസേന മാറ്റം വരുത്താൻ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയ ശേഷം 193 ദിവസമാണ് വില കൂടിയത്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചാൽ പെട്രോളിനും ഡീസലിനും 25 രൂപ വരെ കുറയ്ക്കാനാകുമെന്നായിരുന്നു മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ പ്രതികരണം. അതിനിടെ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷന്‍റെ ലാഭം 40 ശതമാനം വര്‍ദ്ധിച്ചു. 5218 കോടി രൂപയാണ് ജനുവരി മുതൽ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തെ ലാഭം. എന്നാൽ എച്ച്പിസിഎല്ലിന്‍റെ ലാഭം നാല് ശതമാനം ഇടിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam