
പത്തനംതിട്ട: ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ നടന്നു. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവുമാണ് പേട്ട തുള്ളിയത്. എരുമേലി ചെറിയമ്പലത്തിൽ നിന്നാണ് പേട്ടതുള്ളൽ തുടങ്ങിയത്. എതിർവശത്തെ വാവര് പള്ളിയിൽ വലം വച്ച ശേഷം വലിയമ്പലത്തിൽ എത്തുന്നതോടെ ചടങ്ങുകൾ സമാപിച്ചു.
ചെറിയമ്പലത്തിന് മുകളിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ട തുള്ളൽ തുടങ്ങി. സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ ചെറിയമ്പലത്തിൽ നിന്ന് വാവർ പള്ളിയിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാത്ത് ഭാരവാഹികൾ സ്വീകരിച്ചു. വാവർ പള്ളിയെ വലം വച്ച ശേഷം വലിയമ്പലത്തിലേക്ക് പേട്ട തുള്ളി.
സാധാരണ വാവരുടെ പ്രതിനിധി കൂടി അമ്പലപ്പുഴ സംഘത്തെ അനുഗമിക്കുമെങ്കിൽ ഇത്തവണ പേട്ടതുള്ളൽ വലിയമ്പലത്തിലെത്തിയ ശേഷമാണ് വാവരുടെ പ്രതിനിധി വന്നത്. വെള്ളിയാഴ്ച ആയതിനാൽ നിസ്കാരം കഴിഞ്ഞതിന് ശേഷമേ ഇറങ്ങുവെന്ന് നേരത്തേ തന്നെ അമ്പലപ്പുഴ സംഘത്തെ അറിയിച്ചിരുന്നതായും പള്ളി ഭാരവാഹികൾ പറഞ്ഞു.
ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പടെയുള്ള തീർത്ഥാടകർ പേട്ടതുള്ളലിൽ പങ്കാളികളായി. കനത്ത സൂരക്ഷാക്രമീകരണമാണ് ഇത്തവണ എർപ്പെടുത്തിയത്. അമ്പാട്ട് വിജയകുമാറിന്‍റെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘം പേട്ട തുള്ളിയത്. വാവർ സ്വാമി അമ്പലപ്പുഴ സംഘത്തെ അനുഗമിച്ചതിനാൽ ആലക്കാട് സംഘം വാവർ പള്ളിയിൽ കയറിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam