
തൃശൂര്‍: തന്‍റെ നേത്രങ്ങളില്‍ നിന്ന് ലെന്‍സിലൂടെയും പിന്നെ വര്‍ണ്ണപ്രിന്‍റിലേക്കും ചേര്‍ത്തുവച്ച ജീവിതക്കാഴ്ചകളാണ് തൃശൂരിലെ മാധ്യമരംഗത്തെ ഫോട്ടോ,വീഡിയോ ഗ്രാഫര്‍മാര്‍ പൂവിതള്‍ പോലെ വിരിയിച്ചെടുത്തിരിക്കുന്നത്. നാലാം ലിംഗക്കാരെന്ന് ആക്ഷേപിക്കപ്പെട്ടവരോട് അതേ നാണയത്തില്‍ കൗതുക വിരുന്നൊരുക്കി മധുര പ്രതികാരം തീര്‍ത്ത തൃശൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ ഫോട്ടോ, വീഡിയോ പ്രദര്‍ശനം ഇക്കുറിയും ഏറെ ശ്രദ്ധേയമാണ്.
സാഹിത്യ അക്കാദമി ഹാളിന്‍റെ അകത്തളത്തിലാണ് 'ഫിഷ് ഐ' എന്ന വാര്‍ത്താ ദൃശ്യ-ചിത്ര പ്രദര്‍ശനം നടക്കുന്നത്. ബഹ്സാദ് ഗ്രൂപ്പ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെ തൃശൂര്‍ പ്രസ് ക്ലബ്ബാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെ നടക്കുന്ന പ്രദര്‍ശനം 20ന് സമാപിക്കും.
വ്യത്യസ്ത മാധ്യമസ്ഥാപനങ്ങളിലെ 23 ഫോട്ടോഗ്രാഫര്‍മാരുടെ 79 വാര്‍ത്താചിത്രങ്ങളും 11 ചാനല്‍ ക്യാമറാമാന്‍മാരുടെ 17 വാര്‍ത്താദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ലോകപ്രശസ്ത ഫോട്ടോഗ്രഫര്‍ നിക്ക് ഉട്ടിന്റെ പ്രശസ്തമായ മൂന്ന് ചിത്രങ്ങളും അദ്ദേഹത്തിന്‍റെ തൃശൂര്‍ സന്ദര്‍ശനചിത്രങ്ങളും ഉള്‍പ്പെടുന്ന പ്രദര്‍ശനം ഫിഷ് ഐയുടെ വേറിട്ട അനുഭവമാണ്. സത്യന്‍ അന്തിക്കാട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മന്ത്രി എ.സി മൊയ്തീന്‍, മേയര്‍ അജിത ജയരാജന്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങിനെത്തി. പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി ശില്പശാല 19ന് രാവിലെ 11 മുതല്‍ 12.30 വരെ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. രജിസ്ട്രേഷന്‍ സൗജന്യമാണ്. പൊതുജനങ്ങള്‍ക്കായി പരിസ്ഥിതി വിഷയമാക്കി സംഘടിപ്പിച്ച മൊബൈല്‍ ഫോട്ടോഗ്രഫി മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം 20ന് വൈകീട്ട് നാലിന് നടക്കുന്ന സമാപനച്ചടങ്ങില്‍ നടക്കും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam