
സെൽഫി എടുക്കുന്ന ഒരുകൂട്ടം കുട്ടികളാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരങ്ങൾ. കൂട്ടം കൂടി നിന്ന് ചിരിച്ച് വളരെ സന്തോഷത്തോടെ സെൽഫി എടുക്കാൻ നിൽക്കുന്നതുപോലെ പോസ് ചെയ്യുകയാണ് കുട്ടികൾ. എന്നാൽ ഈ സെൽഫിക്ക് ഒരു പ്രത്യേകതയുണ്ട്. സെൽഫി എടുക്കാൻ ഉപയോഗിച്ച ക്യാമറയിൽ ചിത്രം പകർത്താൻ കഴിയില്ല. കാരണം ക്യാമറയ്ക്ക് പകരം ചെരുപ്പാണ് ഉപയോഗിച്ചാണ് അവർ സെൽഫിയെടുക്കുന്നത്.
കുട്ടിക്കാലത്തെ എല്ലാ കുസൃതികളും പുറത്തുകാട്ടുന്ന ചിത്രമാണ് അജ്ഞാതനായ ഒരു ഫോട്ടോഗ്രാഫർ ക്യാമറയിൽ പകർത്തിയത്. പണ്ട് കളിക്കാനായി ചിരട്ടയും കല്ലും മണ്ണുമൊക്കെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇത് ന്യൂ ജനറേഷനാണ്. ഇവിടെ കല്ലും മണ്ണുമൊന്നും പോര. കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും വാഴുന്ന ഈ കാലത്ത് സെൽഫി വിട്ട് കൊച്ചുപിള്ളേർക്ക് പോലും മറ്റൊരു ചിന്തയില്ലെന്നുംകൂടി തെളിയിക്കുകയാണ് ഈ ചിത്രം.
അഞ്ച് കുട്ടികളാണ് ചിത്രത്തിലുള്ളത്. ക്യാമറയല്ലെന്ന് അറിഞ്ഞിട്ടും മൊബൈൽ ഫോണിൽ സെൽഫി എടുക്കാൻ നിൽക്കുന്ന മട്ടിലാണ് കുട്ടികളുടെ നിൽപ്പ്. നിഷ്കളങ്കമായ ചിരിയോടെ 'ചെരുപ്പ് സെൽഫി'യ്ക്ക് പോസ് ചെയ്യുന്ന കുട്ടികൾ ആളുകളുടെ സ്നേഹവും വാത്സല്യവും സ്വന്തമാക്കിയിരിക്കുകയാണ്. ചലച്ചിത്രതാരങ്ങളടക്കം ആയിരക്കണക്കിന് ആളുകളാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
ബോളിവുഡ് താരങ്ങളായ അനുപം ഖേർ, സുനിൽ ഷെട്ടി, ബൊമൻ ഇറാനി തുടങ്ങിയവരാണ് കുട്ടികളുടെ ഈ ചെരുപ്പ് സെൽഫി ആരാധകരുമായി പങ്കുവച്ചത്. ആളുകൾക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ അവർ കാണിക്കാൻ തുടങ്ങിയെന്നാണ് ചിത്രത്തെക്കുറിച്ച് അനുപം ഖേർ ട്വീറ്റ് ചെയ്തത്.
നിങ്ങൾ തിരഞ്ഞെടുക്കുന്നതുപോലെയാണ് നിങ്ങളുടെ സന്തോഷം. ഈ ഫോട്ടോ കൂടുതൽ ലൈക്ക് അർഹിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ബൊമൻ ഇറാനി ട്വിറ്ററിൽ കുറിച്ചു. സന്തോഷം യഥാർഥത്തിൽ മനസ്സിന്റെ ഒരു അവസ്ഥയാണെന്ന അടിക്കുറിപ്പോടെയാണ് സുനിൽ ഷെട്ടി ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറായ അതുൽ കസേബ്ക്കറും ചിത്രം പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam