
കണ്ണൂര്‍: പിണറായിയിലെ കൊലപാതകം വെളിച്ചം കാണുന്നത് നീണ്ട ആറ് വര്‍ഷത്തിന് ശേഷമാണ്. 2012 സെപ്തംബര്‍ ഒന്‍പതിന് പ്രതിയായ സൗമ്യയുടെ മകള്‍ കീര്‍ത്തനയുടേതും കൊലപാതകമായിരുന്നു എന്നാണ് സൗമ്യ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. തുടര്‍ന്ന് 2018 ജനുവരി 31ന് കീര്‍ത്തനയുടെ ചേച്ചി ഐശ്വര്യയുടെ മരണം പിന്നാലെ സ്വന്തം പിതാവിനെയും അമ്മയെയും സൗമ്യ വകവരുത്തി. ദിവസങ്ങളുടെ ഇടവേളകളിലായിരുന്നു ഇത്. എല്ലാവരും മരിച്ചത് സമാന സാഹചര്യത്തില്‍ വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയുമായിരുന്നു രോഗ ലക്ഷണങ്ങള്‍.
2012ന് ശേഷം ആറ് വര്‍ഷത്തെ ഇടവേള കൊണ്ടാകണം കീര്‍ത്തനയുടെ മരണത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. എന്നാല്‍ ഈ ജനുവരിക്ക് ശേഷം തുടര്‍ച്ചയായ മരണങ്ങള്‍ നാട്ടുകാരില്‍ സംശയമുണര്‍ത്തി. സംശയം പൊലീസിനെ അറിയിച്ചു. മാതാപിതാക്കളുടെ മൃതശരീരങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതോടെയാണ് കൊടും കൊലപാതകത്തിന്‍റെ ആദ്യ തുമ്പ് പുറത്തുവരുന്നത്. ഇരുവരും വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തി. ഇതോടെ ജനുവരിയില്‍ മരിച്ച ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു. ഇതിന്‍റെ റിസള്‍ട്ട് കൂടി പുറത്തുവന്നാല്‍ പൊലീസിന് കൊലപാതകത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കും.
ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നു. കേസന്വേഷണം എവിടേയും എത്തുന്നില്ലെന്ന് ആരോപണവും ശക്തമാകുന്നതിനിടയില്‍ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ലോക്കല്‍ പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാലായിരുന്നില്ല ഇത്. കേസിന്‍റെ വേഗം കൂട്ടലായിരുന്നു ലക്ഷ്യം. മേൽനോട്ടം ക്രൈംബ്രാഞ്ച് ഡി.വൈഎംഎസ്.പി രഘുറാമിനായിരുന്നു. ക്രൈം ബ്രാഞ്ചിനൊപ്പം, നിലവിൽ അന്വേഷിക്കുന്ന ലോക്കൽ പോലീസ് കൂടി ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടര്‍ന്നു.
സാഹചര്യ തെളിവുകളെല്ലാം എത്തി നില്‍ക്കുന്നത് കുടുംബത്തില്‍ ജീവനോടെ ബാക്കിയായ സൗമ്യയിലേക്കായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി ജീവിക്കുന്ന സൗമ്യക്ക് ചില വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസിന് രഹസ്യമൊഴികള്‍ ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് മാതാപിതാക്കളുമായി തര്‍ക്കമുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചു. വിഷം അകത്ത് ചെന്ന് സമാന സാഹചര്യത്തില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സൗമ്യക്ക് കാര്യമായ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്ന് മനസിലായതോടെ പൊലീസ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.
ഇന്ന് രാവിലെ രാവിലെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. എന്നാല്‍ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ സൗമ്യ തയ്യാറായില്ല. നീണ്ട 11 മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ സൗമ്യ കുറ്റം സമ്മതിച്ചു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു കുറ്റസമ്മതം. അലൂമിനിയം ഫോസ്ഫേറ്റ് വിഷ വസ്തു അകത്തു ചെന്നാണ് മാതാപിതാക്കള്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.
കൊലപാതകമെന്ന് അടിസ്ഥാന വിവരത്തിനപ്പുറം, എങ്ങനെ ഈ വിഷം സൗമ്യക്ക് ലഭിച്ചു. കൊലപാതകത്തില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോ, എന്തിനു വേണ്ടിയാണ് സൗമ്യ ഈ ക്രൂരകൃത്യം നടത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പൊലീസിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അപൂര്‍വ്വമായ കേസില്‍ വരും നാളുകളില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നു എന്ന് ചുരുക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam