ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: എത്ര ഉന്നതനായാലും കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

By Web DeskFirst Published Jun 15, 2018, 4:46 PM IST
Highlights
  • ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം
  • അതീവ ഗുരുതരമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി 
  • എത്ര ഉന്നതനായാലും കര്‍ശന നടപടിയെടുക്കും

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സംഭവം അതീവ ഗുരുതരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും എത്ര ഉന്നതനായാലും കര്‍ശന നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്‍റെ തനിമ മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

അതേസമയം, ഗണേഷ്കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല.  പോലീസ് ഡ്രൈവറെ സംഭവത്തെക്കുറിച്ച് ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിശദീകരണം തേടിയിട്ടുണ്ട്. മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന പോലീസ് ഡ്രൈവര്‍ ഗവാസ്കറോട് ആശുപത്രി വിട്ട ശേഷം തന്നെ വന്നു കാണാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

തന്‍റെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഇത്രകാലവും മാനസികപീഡനമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ശാരീരിക പീഡനവും തുടങ്ങിയെന്നും പരിക്കേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്കറുടെ ഭാര്യ രേഷ്മ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്‍റെ ഭര്‍ത്താവിനെതിരായ കള്ളക്കേസ് പിന്‍വലിക്കണമെന്ന് രേഷ്മ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അപേക്ഷിച്ചു.  ഇതിനോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും  മുഖ്യമന്ത്രിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു. 

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടുജോലികള്‍ ചെയ്യുന്ന പോലീസുകാരുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പട്ടിക ഇന്ന് തന്നെ നല്‍കണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ചും കൃതൃമായ വിവരം കൈമാറണണെന്നും സിഎംഒ ഡിജിപിയോട് നിര്‍ദേശിച്ചിട്ടുണ്ട്. 

വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി അറിയിച്ച പോലീസ് അസോസിയേഷന്‍ നേതാക്കളോട് ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതിന് പിന്നാലെയാണ് ദാസ്യപ്പണി ചെയ്യുന്ന പോലീസുദ്യോഗസ്ഥരുടെ വിവരം കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്. 

ഉന്നതഉദ്യോഗസ്ഥരുടെ വീട്ടുപണി ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതിനെതിരെ നേരത്തെ തന്നെ വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെയാണ് എഡിജിപിയുടെ മകള്‍ ഉദ്യോഗസ്ഥനെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവം ഉണ്ടായത്. വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നുവെങ്കിലും വിഷയത്തില്‍ ഇടപെട്ട പോലീസ് അസോസിയേഷന്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ പരാതിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

എജിഡിപി കീഴുദ്യോഗസ്ഥരോട് വളരെ മോശമായാണ് പെരുമാറുന്നതെന്ന് ആരോപണം ഇതിനോടകം മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ഗവാസ്കര്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം പൊലീസുകാരന്റെയും എ ഡി ജി പി യുടെ മകളുടെയും പരാതി ഡിസിആർബി ഡിവൈഎസ്പി പ്രതാപൻ നായർ അന്വേഷിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രണ്ട് കേസുകളും മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

click me!