കൊല്ലം ബൈപ്പാസിലൂടെ മുഖ്യമന്ത്രിയുടെ റോഡ്ഷോ

By Web TeamFirst Published Jan 15, 2019, 5:50 PM IST
Highlights

മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെ 13.14 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര മോദി പറഞ്ഞു

കൊല്ലം: കൊല്ലം ബൈപ്പാസിലൂടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും റോഡ് ഷോ തുടങ്ങി. പ്രധാനമന്ത്രി ബൈപ്പാസ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ച ചടങ്ങുകള്‍ അവസാനിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റോ‍ഡ് ഷോ തുടങ്ങിയത്. കാവനാട് ഭാഗത്ത് നിന്നുമാണ് റോഡ്ഷോ തുടങ്ങിയത്. ഔദ്യോഗികപരിപാടിയായാണ് റോഡ്ഷോ നടത്തിയത്.

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നീണ്ട നിരതന്നെ റോഡ്ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കൊല്ലം എം പി എൻ കെ പ്രേമചന്ദ്രനും റോ‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ലെന്നാണ് വ്യക്തമാകുന്നത്. ഔദ്യോഗിക പരിപാടിയാണെങ്കിൽ പങ്കെടുക്കുമെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

അതേസമയം മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെ 13.14 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര മോദി പറഞ്ഞു. കേരളം കടന്നുപോയത് പ്രളയം പോലെ ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ്.  ചില പദ്ധതികള്‍ 30 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. ഇത് ജനങ്ങളോടുള്ള ക്രൂരതയെന്നും പ്രധാനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.

അതേസമയം മുംബൈ- കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി പ്രസംഗത്തിനിടെ ഉറപ്പ് നല്‍കി. കേരളത്തിന്‍റെ സമ്പദ്ഘടനക്ക് ടൂറിസമാണ് ആധാരം. ഇ വിസ നടപ്പാക്കിയത് ടൂറിസം രംഗത്ത് കുതിപ്പുണ്ടാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു. ബൈപ്പാസ് ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലം കന്‍റോൺമെന്‍റ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍ഡിഎ മഹാസംഗമത്തില്‍ മോദി പങ്കെടുക്കും.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജ സുധാകരനും സംസാരിച്ചു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോവുകയാണ്.  2020 ൽ ജലപാത പൂർണ്ണതയിലത്തിക്കും.  കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!