മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ക്രിമിനല്‍ കേസ് പ്രതി അധ്യക്ഷന്‍

By Web DeskFirst Published Jul 10, 2016, 6:45 AM IST
Highlights

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍  അധ്യക്ഷനായത് വധശ്രമക്കേസിലടക്കം നിരവധി കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍. പൊലീസ് സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ്, പത്രപ്രവര്‍ത്തകനായ ഉണ്ണിത്താന്‍ വധശ്രമ കേസിലെ പ്രതി ഡിവൈഎസ്‌പി എന്‍ അബ്‍ദുള്‍ റഷീദ് അധ്യക്ഷനായത് .ക്രിമിനല്‍ കേസിലെ പ്രതിയാണ് അധ്യക്ഷനെന്നറിയാതെയാണ് പൊലീസിലെ അഴിമതിക്കും ക്രമിനല്‍വല്‍ക്കരണത്തിനുമെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്.

കൊച്ചിയില്‍ നടന്ന പൊലീസ് സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ്  ക്രിമിനല്‍ കേസ് പ്രതിയായ ഡിവൈഎസ്‌പി എന്‍ അബ്‍ദുള്‍ റഷീദ് അധ്യക്ഷനായത്. അഴിമതിക്കാരും ക്രിമിനല്‍ ബന്ധമുളളവരുമായ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ വെച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ ഇതെല്ലാം കേട്ട്കൊണ്ട്  ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു സംഘടനയുടെ പ്രസിഡന്റായിരുന്ന  അബ്‍ദുള്‍ റഷീദ്. പത്രപ്രവര്‍ത്തകനായ വി ബി ഉണ്ണിത്താന്‍ വധശ്രമകേസില്‍ നാലാം പ്രതിയാണ് ഇയാള്‍. കൊല്ലത്ത് സ്റ്റോപ്പില്ലാതിരുന്ന രാജധാനി എക്‌സ്‌പ്രസ് ചങ്ങല വലിച്ച് നിര്‍ത്തിയ കേസിലു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തെന്ന കേസിലും അബ്‍ദുള്‍ റഷീദ് ആരോപണ വിധേയനാണ്. ടോട്ടല്‍ ഫോര്‍ യു തട്ടീപ്പ് അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയെന്ന പരാതിയും ഇയാള്‍ക്കെതിരെയുമ്ട്.ഉണ്ണിത്താന്‍ വധശ്രമ കേസില്‍ ദീര്‍ഘനാളായി സസ്‌പെന്‍ഷനിലായിരുന്നു അബ്‍ദുള്‍ റഷീദ്. കേസില്‍ ഇയാള്‍ക്കെതിരെ സിബിഐ ഭാഗിക കുറ്റപത്രവും നല്‍കിയതാണ്. എന്നാല്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയാണ് തിരികെ സര്‍വ്വീസിലെത്തിയത്. കൊല്ലത്തെ എ ഗ്രൂപ്പ് നേതാവായ കെപിസിസി ഭാരവാഹിയുടെ സ്വാധീനത്താലായിരുന്നു ഇത്. അതേസമയം അബ്‍ദുള്‍ റഷീദിനെതിരെയുളള കേസുകളെപ്പറ്റിയൊന്നും മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. ഇതറിയിക്കേണ്ട ചുമതലയുലള  രഹസന്വേഷ വിഭാഗം അ കടമ ചെയ്തതുമില്ല. സംഭവത്തിലെ ഇന്റലിജന്‍സ് വീഴ്ചയെപ്റ്റി അന്വേഷിക്കുമെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ സൂചന നല്‍കി.

click me!