എം കെ ദാമോദരനെ പിന്തുണച്ച് മുഖ്യമന്ത്രി

By Web DeskFirst Published Jul 14, 2016, 5:09 AM IST
Highlights

തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി അഡ്വ. എം.കെ.ദാമോദരൻ ഹാജരാകുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാമോദരന്‍ തന്റെ നിയമോപദേശകനാകാന്‍ സമ്മതിച്ചത് പ്രതിഫലം പറ്റാതെയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അദ്ദേഹത്തിന് സ്വകാര്യ വ്യക്തികളുടെ കേസുകളേറ്റെടുക്കുന്നതിന് നിരോധനമില്ല . ഏത് കേസ് ഏറ്റെടുക്കണമെന്ന കാര്യം തീരുമാനിക്കേണ്ടത് ദാമോദരനാണന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എം.കെദാമോദരനെതിരെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ക്കെതിരെയും പ്രതിപക്ഷം നിയമസഭയില്‍ ആഞ്ഞടിച്ചു. മഞ്ചേരി ശ്രീധരന്‍ നായര്‍ അഞ്ചു കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡിജിപി സ്ഥാനത്തിരിക്കാന്‍ ശ്രീധരന്‍ നായര്‍ യോഗ്യനല്ലെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ ‍‍‍‍ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തട്ടിപ്പ് നടത്തിയതല്ലെന്നും സ്ഥാപനത്തിന് വേണ്ടി വായ്പ എടുക്കാന്‍ ശ്രമിച്ചതാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി ഹാജരാകുകയും നിയമ സഹായം നല്‍കുകയും ചെയ്ത എജിയാണ് യുഡിഎഫിന്റെ കാലത്തുണ്ടായിരുന്നതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. എം കെ ദാമോദരന്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായത് ഗൗരവമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇങ്ങനെ പോയാല്‍ ജിഷ വധക്കേസിലെ പ്രതിക്കും വേണ്ടിയും ദാമോദരന്‍ ഹാജരാകുമെന്നും ചെന്നിത്തല പറഞ്ഞു.

click me!