
തിരുവനന്തപുരം: എംപി ഫണ്ട് വിനിയോഗത്തിന് കേരളത്തിലെ നേതാക്കള്‍ തടസം നില്‍ക്കുന്നുവെന്ന സുരേഷ് ഗോപി എംപിയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി മുംബൈയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണന്ന് മുഖ്യമന്ത്രി പറഞ്ഞു.
എം പി ഫണ്ട് വിനിയോഗിക്കാന്‍ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം. 'മാക്രിക്കൂട്ടം' തടസ്സം നില്‍ക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം. അവിടങ്ങളില്‍ ദുരനുഭവമുണ്ടായോ എന്ന് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ നാടകമാണ് എന്നാരോപിക്കുമ്പോള്‍ സമാധാന ചര്‍ച്ചയില്‍ പങ്കാളികളായ ബിജെപി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത്? സ്വന്തം പാര്‍ട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്.
എം പി ഫണ്ട് വിനിയോഗിക്കാന്‍ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സുരേഷ് ഗോപിക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാകും. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാന്‍ അദ്ദേഹം തയാറാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam