പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

By Web DeskFirst Published Jul 8, 2016, 1:24 AM IST
Highlights

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റഅ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി തോമസ് ഐസക് രാവിലെ ഒൻപതിനാണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. പതിനായിരം കോടി രൂപയുടെ ബാധ്യത നിലനിൽകുന്ന സാഹചര്യത്തിൽ കര്‍ശന ചെലവുചുരുക്കൽ നടപടികൾക്ക് ബജറ്റിൽ നിര്‍ദ്ദേശമുണ്ടാകുമെന്നാണ് സൂചന.

ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പിക്കാതെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുമായിരിക്കും തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുക. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താനും നികുതി സമാഹാരണം ശക്തമാക്കാനും നടപടികൾ ഉണ്ടായേക്കും.അഞ്ചുവര്‍ഷം കൊണ്ട് സാമ്പത്തികവളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ബജറ്റിലെ മുന്‍ഗണന. സർക്കാർ സേവനം ജനങ്ങളിലേക്കെത്തിക്കാൻ കുടുംബശ്രീയെ പ്രയോജനപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ക്ഷേമപെൻഷനുകൾ വീട്ടിലെത്തിക്കുന്നതും കുടുംബശ്രീവഴിയാകും.ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടവും മാന്ദ്യവിരുദ്ധ പാക്കേജും അടിസ്ഥാനസൗകര്യമേഖലയിലെ നിക്ഷേപത്തിനുള്ള കമ്പനിയുമെല്ലാം ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിൽ ഊന്നിയതാകും ബജറ്റ്.

നികുതി വര്‍ധിപ്പിക്കാന്‍ സാധ്യത കുറവാണെങ്കിലും നികുതിനിരക്കുകളില്‍ ചില പുതിയ ക്രമീകരണങ്ങള്‍ ഉണ്ടായേക്കും. മുന്‍സര്‍ക്കാര്‍ ചിലവിഭാഗങ്ങള്‍ക്ക് മാത്രമായി നല്‍കിയ നികുതി ഇളവുകള്‍ പിന്‍വലിക്കാനും സാധ്യതയുണ്ട്. ചെലവുചുരുക്കലിനുപകരം വരുമാനവർധനയിൽ ഊന്നി മൂന്ന് വർഷം കൊണ്ട് സാമ്പത്തികപ്രശ്നങ്ങളെ മറികടക്കാനാണ് ധനമന്ത്രി ഉദ്ദേശിക്കുന്നത്.ഇടക്കാല ബജറ്റിന് അപ്പുറത്തേക്കുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

click me!