Latest Videos

പിണറായി സർക്കാരിന്റെ കന്നി ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് നെല്‍ കര്‍ഷകര്‍

By Web DeskFirst Published Jul 7, 2016, 6:45 PM IST
Highlights

ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ പുനരുജ്ജീവനവും നെല്ല് സംഭരണത്തിലെ പാകപ്പിഴകൾ ഒഴിവാക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നെല്‍ കർഷകർ. മുടങ്ങിപ്പോയ റൈസ് പാർക്ക് പദ്ധതിയും, പുറം ബണ്ട് നിർമ്മാണവും, കനാലുകളുടെ നവീകരണവും തുടങ്ങി പിണറായി സർക്കാരിന്റെ കന്നി ബജറ്റിൽ നിന്ന് കുട്ടനാട്ടിലെ കർഷകർ പ്രതീക്ഷിക്കുന്നത് ഏറെയാണ്.

കുട്ടനാടിന്റെ പ്രശ്നങ്ങൾ നല്ലവണ്ണം അറിയാവുന്ന ആലപ്പുഴയിൽ നിന്നുള്ള ധനമന്ത്രിയിൽ നിന്ന് അടിയന്തരമായി പരിഹരിക്കാനുള്ള അടിസ്ഥാന പ്രശ്നങ്ങളിൽ നടപടിയുണ്ടാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. മാണിയുടെ റൈസ് പാർക്ക് പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങിയപ്പോൾ, കുട്ടനാട്ടിലെ നെല്ല് കുട്ടനാട്ടിൽ തന്നെ അരിയാക്കാനും ഒപ്പം മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കാനുമുള്ള പദ്ധതിക്ക് തോമസ് ഐസക്കിന്റെ ബജറ്റിൽ ജീവൻ വയ്ക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

അളന്നെടുക്കുന്ന നെല്ലിന് അപ്പോൾ തന്നെ പണം കിട്ടാനുള്ള നടപടികൾ. തരിശിടങ്ങളിൽ കൃഷിയിറക്കാനും, കൂടുതൽ കർഷകരെ കൃഷിയിലേക്ക് ആകർഷിക്കാൻ സഹായിക്കുന്ന പദ്ധതികൾ. കുട്ടനാടിന് സമഗ്ര കുടിവെള്ള പദ്ധതി. കുട്ടനാട് പാക്കേജിലൂടെ പാതി വഴിയിലെത്തിയ കുട്ടനാട്ടിലേയും അപ്പർ കുട്ടനാട്ടിലേയും പുറം ബണ്ട് നിർമ്മാണവും, ബലപ്പെടുത്തലും ഒപ്പം കനാലുകളുടെ നവീകരണവും.

കുട്ടനാട്ടിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കിയില്ലെങ്കിൽ രോഗങ്ങൾ പടരുന്ന സാഹചര്യവും ഒപ്പം ഉൾനാടൻ മത്സ്യ സമ്പത്തിന്റെ തകർച്ചയും തടയാനാകില്ല. പുറം മോടിയിലൂന്നിയ പ്രഖ്യാപനങ്ങൾക്കപ്പുറത്ത് കൃഷിയിലും കർഷകന്റെ ജീവിതത്തിലും കാലികമായ മാറ്റങ്ങൾക്കുതകുന്ന നടപടികളാണ് തോമസ് ഐസക്കിൽ നിന്ന് കർഷകർ പ്രതീക്ഷിക്കുന്നത്.

 

click me!