
അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ആശുപത്രി കേരളത്തിൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ മൂന്നിടങ്ങളിൽ എയർ സ്ട്രിപ്പുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും മുംബൈയിലെ മലയാളി ബിസിനസ് സമൂഹത്തോട് സംവദിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി മുംബൈയിലെത്തിയ പിണറായി വിജയന് ഉജ്വല സ്വീകരണമാണ് മലയാളികൾ നൽകിയത്. പ്രവാസി ബിസിനസുകാരുമായുള്ള സംവാദത്തിൽ കേരളത്തിന്റെ നേട്ടങ്ങളും വീഴ്ചളും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. വികസിത രാജ്യങ്ങളെ അമ്പരപ്പിക്കുന്ന നേട്ടങ്ങൾ പോയകാലത്ത് കേരളം സ്വന്തമാക്കി. എന്നാൽ ഇടയ്‍ക്കുവെച്ച് നമ്മൾ പിന്നോട്ട് പോയി. ആയുർവ്വേദരംഗത്തെ സമഗ്രവികസനത്തിനായി അന്താരാഷ്ട്ര നിലവാരമുള്ള ആയുർവ്വേദ ആശുപത്രി കേരളത്തിൽ പണിയും. ടൂറിസ്റ്റുകളെ ആകർഷിക്കാനും പദ്ധതി കൊണ്ടുവരും.
നിക്ഷേപം ആകർഷിക്കുന്നതിനായി സർക്കാർ രൂപീകരിച്ച നൂതന ആശയമായ കിഫ്ബിയെ ബിസിനസുകാരുടെ മുന്നിൽ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഒരുമണിക്കൂർ നീണ്ട സംവാദത്തിൽ മലയാളി ബിസിനസുകാർ തങ്ങളുടെ ആശങ്കകളും പുതിയ സർക്കാരിലുള്ള പ്രതീക്ഷകളും പങ്കുവെച്ചു.ഏഷ്യാനെറ്റ് എംഡി കെ മാധവൻ, ലീല ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിവേക് നായർ, മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു. ചെമ്പൂർ ആദർശ വിദ്യാലയത്തിൽ നൽകിയ സ്വീകരണപരിപാടിയിൽ പങ്കെടുത്താണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് പോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam