വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക ടി20 ലോകകപ്പ് മത്സരത്തിൽ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 

കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു സഞ്ജു സാംസണ്‍. 50 പന്തില്‍ പുറത്താവാതെ സഞ്ജു നേടിയ 97 റണ്‍സാണ് ഇന്ത്യക്ക് സെമി ഫൈനല്‍ സ്ഥാനം നല്‍കിയത്. നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു. റൊമാരിയോ ഷെപ്പേര്‍ഡിന്റെ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സര്‍ പറത്തി. പിന്നാലെ ഫോറും. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.

മത്സരത്തിന് ശേഷം സഞ്ജുവിനെ വാഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രംഗത്ത് വന്നു. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍.. ''തീര്‍ച്ചയായും ഇതൊരു മികച്ച അനുഭവമാണ്. ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം പോലെയായിരുന്നു. നമ്മുടെ ടീം കാണിച്ച മനോഭാവം മികച്ചതായിരുന്നു. നല്ല മനുഷ്യന്മാര്‍ക്ക് നല്ലത് സംഭവിക്കും. കുറച്ച് കാത്തിരിക്കണമെന്ന് മാത്രം. സഞ്ജുവിന്റെ കാര്യത്തില്‍ ഇത്രയുമാണ് സംഭവിച്ചത്. ടീമില്‍ ഇല്ലാതിരുന്നപ്പോള്‍ അവന്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ സഞ്ജുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.'' സൂര്യ പറഞ്ഞു.

ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെ കുറിച്ചും സൂര്യ സംസാരിച്ചു... ''എല്ലാവരും പ്ലാന്‍ അനുസരിച്ചാണ് ബൗള്‍ ചെയ്തതെന്ന് എനിക്ക് തോന്നുന്നു. 200 റണ്‍സ് നല്ല സ്‌കോറാണെന്ന് അറിയാമായിരുന്നു. ഈര്‍പ്പമുള്ളതുകൊണ്ട് പന്ത് ബാറ്റിലേക്ക് നന്നായി വരും, അതുകൊണ്ട് കളി അവസാന ഓവറുകളിലേക്ക് കൊണ്ടുപോകാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഇവിടെ എത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. ആദ്യ മത്സരം മുതല്‍ നമ്മള്‍ കളിച്ച രീതി വെച്ച് നോക്കുമ്പോള്‍, മുംബൈയില്‍ കളിക്കാന്‍ നമ്മള്‍ അര്‍ഹരാണ്. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അടുത്തത് എന്ത് ചെയ്യണമെന്ന് മുംബൈയില്‍ വച്ച് തീരുമാനിക്കും.'' സൂര്യു പറഞ്ഞുനിര്‍ത്തി.

മത്സരത്തിന് ശേഷം സഞ്ജു തന്റെ സന്തോഷം പങ്കുവച്ചു. സഞ്ജുവിന്റെ വാക്കുകള്‍... ''ലോകം മുഴുവന്‍ ഞാനായതായി തോന്നുന്നു. കളിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍, രാജ്യത്തിനായി കളിക്കാന്‍ സ്വപ്നം കണ്ട ദിവസം മുതല്‍, ഞാന്‍ കാത്തിരുന്ന ദിവസമാണിത്. ഞാന്‍ കടപ്പെട്ടിരിക്കും. എന്റെ യാത്രയില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരുന്നു. ഞാന്‍ എന്നെത്തന്നെ സംശയിച്ചിരുന്നു. 'എന്ത് സംഭവിക്കും', 'എനിക്ക് സാധിക്കുമോ' എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷെ ഞാന്‍ വിശ്വസിക്കുന്നത് തുടര്‍ന്നു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. ഞാന്‍ വളരെ സന്തോഷവാനാണ്.'' സഞ്ജു പറഞ്ഞു.

YouTube video player