ജടായു എര്‍ത്ത്സ് സെന്‍ററില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാര്‍ണവലിന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Published : Dec 23, 2018, 09:22 AM IST
ജടായു എര്‍ത്ത്സ് സെന്‍ററില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാര്‍ണവലിന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Synopsis

 ജടായു കാര്‍ണിവലിന്റെ ഭാഗമായി പാരമ്പര്യ ഭക്ഷ്യോത്സവം, കലാ സാംസ്കാരിക സന്ധ്യകള്‍, തെരുവ് മാജിക്, ഗരുഡന്‍പറവയടക്കമുള്ള പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവ ജടായു മലമുകളില്‍ അരങ്ങേറും. 

കൊല്ലം: ലോക ടൂറിസം ഭൂപടത്തില്‍ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതി സ്വന്തമാക്കിയ ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ജടായു കാര്‍ണവലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. ജടായു കാര്‍ണിവലിന്റെ ഭാഗമായി പാരമ്പര്യ ഭക്ഷ്യോത്സവം, കലാ സാംസ്കാരിക സന്ധ്യകള്‍, തെരുവ് മാജിക്, ഗരുഡന്‍പറവയടക്കമുള്ള പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവ ജടായു മലമുകളില്‍ അരങ്ങേറും. 

ഓരോ ദിവസവും സാമൂഹ്യ-സാംസ്കാരിക-സിനിമാ മേഖലകളിലെ പ്രമുഖര്‍ മുഖ്യാതിഥികളായി ജടായു കാര്‍ണിവലില്‍ പങ്കെടുക്കും. ഉത്തരേന്ത്യയില്‍ നിന്നുള്ള സ്ട്രീറ്റ് മാജിക് സംഘവും, അയല്‍സംസ്ഥാനങ്ങളിലെ നാടോടി നൃത്ത രൂപങ്ങളായ ബിഡുകംസാലെ,കരകാട്ടം തുടങ്ങിയവ ജടായു കാര്‍ണിവലിനെ ഉത്സവാന്തരീക്ഷത്തിലെത്തിക്കും. കേരള ടൂറിസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി ജടായു എര്‍ത്ത്സ് സെന്റര്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

സംസ്ഥാനത്തെ ടൂറിസം മേഖലയിലെ ആദ്യ ബിഒടി പദ്ധതി വിജയകരമായി മാറുന്നത് പ്രതീക്ഷ പകരുന്നതാണ്. പൂര്‍ണമായും സ്വിറ്റ്സര്‍ലാന്റില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത കേബിള്‍ കാറിലൂടെയുള്ള യാത്രയും, ലോകത്തിലെ ഏറ്റവും ഭീമാകാരമായ പക്ഷിശില്‍പ്പവും ടൂറിസ്റ്റുകള്‍ക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്കല്‍ ഫ്ലൈയിംഗിനുള്ള അനുമതി കൂടി ലഭിച്ചതോടെ ഹെലികോപ്ടറില്‍ ഉയര്‍ന്നുപൊങ്ങി ജടായു ശില്‍പ്പവും, മനോഹരമായ ചടയമംഗലം ഗ്രാമവും, സഹ്യപര്‍വതവുമെല്ലാം അടങ്ങുന്ന ആകാശ കാഴ്ച കാണാനാകുന്നു. സംസ്ഥാനത്ത് ആദ്യമായി ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ലൈയിംഗ് ഏര്‍പ്പെടുത്തിയ ടൂറിസ്റ്റ് കേന്ദ്രമെന്ന പ്രത്യേകതയും ജടായു എര്‍ത്ത്സ് സെന്ററിന് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തെന്മല ഇക്കോ ടൂറിസം കേന്ദ്രമടക്കമുള്ള വിവിധ ടൂറിസം കേന്ദ്രങ്ങളെ ആകാശമാര്‍ഗം ബന്ധിപ്പിക്കുന്ന ഹെലികോപ്ടര്‍ സര്‍വീസ് ജടായു എര്‍ത്ത്സ് സെന്ററില്‍ നിന്ന് ഭാവിയില്‍ ആരംഭിക്കാനാകുമെന്നും, ഇത് കേരള ടൂറിസത്തിന് പുതിയ മുഖം സമ്മാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു മാസം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷമായ ജടായു കാര്‍ണിവല്‍ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്ന് ജടായു എര്‍ത്ത്സ് സെന്റര്‍ സിഎംഡി രാജീവ് അഞ്ചല്‍ പറഞ്ഞു. 

എല്ലാ ദിവസവും വൈകുന്നേരം 5മണി മുതല്‍ രാത്രി 9 മണി വരെയാണ് ജടായു കാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. കലാ സാംസ്കാരിക സന്ധ്യകളും, പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങളുടെ കലവറ തീര്‍ക്കുന്ന എത് നിക് ഫുഡ് ഫെസ്റ്റും ജടായു കാര്‍ണിവലിനെ സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടതാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.പരമ്പരാഗത കലാ രൂപങ്ങളും, പാരമ്പര്യ ഭക്ഷണങ്ങളുമൊക്കെ തനിമ നഷ്ടമാകാതെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുന്ന ജടായു കാര്‍ണിവലില്‍ പ്രമുഖരായ അതിഥികളുടെ സാന്നിധ്യവും ഉണ്ടാകും. 

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ശശി തരൂര്‍ എം.പി, എം.മുകേഷ് എംഎല്‍എ, മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് കാതോലിക്കാ ബാവ, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍,സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, നര്‍ത്തകി മേതില്‍ ദേവിക, സൂര്യ കൃഷ്ണമൂര്‍ത്തി, നടി മേനക, നടന്‍ മധുപാല്‍,  എന്നിവര്‍ ജടായു കാര്‍ണിവലില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 

സന്ദര്‍ശകര്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായി മലയാളത്തിലെയും തമിഴിലെയും പ്രധാന നടീ നടന്മാര്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്കിടെ ജടായു എര്‍ത്ത്സ് സെന്ററിലെത്തും. ജടായുപ്പാറയെ കുറിച്ചുള്ള ഒഎന്‍വി കുറുപ്പിന്‍റെ കവിത ആലേഖനം ചെയ്ത ശില മുഖ്യമന്ത്രി അനാഛാദനം ചെയ്തു. കൊല്ലത്തെ ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപീകരിച്ച ഹെറിറ്റേജ് ദേശിംഗനാട് എന്ന ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

മുഖ്യമന്ത്രിക്കൊപ്പം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ജടായു സിഎംഡി രാജീവ് അഞ്ചല്‍, സിഇഒ ബി. അജിത്കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.ഹെലികോപ്ടര്‍ മാര്‍ഗമാണ് തിരുവനന്തപുരത്ത് നിന്ന് മുഖ്യമന്ത്രി ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററില്‍ എത്തിയതും മടങ്ങിയതും.അവിസ്മരണീയ അനുഭവമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജടായു എര്‍ത്ത്സ് സെന്ററിലെ ആദ്യ സന്ദര്‍നത്തെ വിശേഷിപ്പിച്ചത്.അടുത്ത മാസം 22 ന് ജടായു കാര്‍ണിവല്‍ സമാപിക്കും. ഒരു മാസക്കാലം വൈകുന്നേരം 5മണി മുതല്‍ രാത്രി 9 മണി വരെയാണ് ജടായു കാര്‍ണിവല്‍ അരങ്ങേറുക.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
'ഇത്തരം സങ്കുചിത മനോഭാവങ്ങളെ വച്ചുപൊറുപ്പിക്കാൻ സർക്കാർ തയ്യാറല്ല, വിദ്യാലയങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളല്ല'; വി ശിവൻകുട്ടി