പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‍ച നടത്തി

By Web DeskFirst Published May 28, 2016, 1:26 PM IST
Highlights

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ദില്ലിയിലെത്തിയ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ച നടത്തി. ചരക്കുസേവന നികുതിബില്ല് കേരളത്തിന് ഗുണം ചെയ്യുമെന്ന് ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി പിണറായിയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു. ദില്ലി വിമാനത്താവളത്തിലും കേരളാ ഹൗസിലും പിണറായി വിജയന് ഉജ്ജ്വല സ്വീകരണം നല്‍കി.
 
ദില്ലി വിമാനത്താവളത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ രാവിലെ പിണറായി വിജയനെ സ്വീകരിക്കാനെത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍, പിബി അംഗം എം എ ബേബി എന്നിവര്‍ക്കൊപ്പം എത്തിയ പിണറായി ആദ്യം പോയത് സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക്. കേന്ദ്ര നേതാക്കളെ കണ്ട ശേഷം കേരള ഹൗസിലെത്തിയ പിണറായി വിജയനെ പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ ചുവന്ന പരവതാനി വിരിച്ച് ജീവനക്കാര്‍ സ്വീകരിച്ചു

വൈകിട്ട് നാലു മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‍ചയ്‌ക്കായി പിണറായി വിജയന്‍ എഴ് റേസ്‍കോഴ്‌സ് റോഡിലെത്തിയത്. സൗഹൃദസന്ദര്‍ശനമായിരുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. കൂടിക്കാഴ്‍ചയില്‍ മുഖ്യമന്ത്രി കേന്ദ്ര സഹകരണം തേടി. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി എന്നിവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി എന്നിവരെയും പിണറായി വിജയന്‍ കണ്ടു. ചരക്കു സേവന നികുതി നടപ്പാക്കുന്നതിന് ധനമന്ത്രി കേരളത്തിന്റെ പിന്തുണ തേടി. ജിഎസ്‍ടി പാസ്സാക്കുന്നത് കേരളത്തിന്റെ വരുമാനം കൂട്ടുമെന്ന് ജയ്‍റ്റ്‍ലി ചൂണ്ടിക്കാട്ടി. ഉച്ചതിരിഞ്ഞ് സിപിഐ ആസ്ഥാനമായ അജോയ് ഭവനില്‍ എത്തിയ പിണറായിയെ ദേശീയ നിര്‍വ്വാഹകസമിതി അംഗങ്ങള്‍ എല്ലാം ചേര്‍ന്ന് സ്വീകരിച്ചു. ഇടതുപക്ഷം യോജിച്ചു മുന്നോട്ടു പോകുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. അഴിമതിക്കെതിരായ വിജയമാണിതെന്ന് പിണറായി പറഞ്ഞു

രാത്രി എട്ടിന് ദില്ലിയിലുള്ള കേരള കേഡര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ യോഗവും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്., Pinarayi Vijayan

click me!