ആചാരങ്ങൾ ലംഘിച്ചാണ് സമൂഹം മുന്നോട്ടു പോയിട്ടുള്ളതെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Nov 8, 2018, 2:36 PM IST
Highlights

ആചാരങ്ങൾ ലംഘിച്ചാണ് സമൂഹം മുന്നോട്ടു പോയിട്ടുള്ളതെന്ന് മുഖ്യമന്ത്രി.ആചാര ലംഘനം എല്ലാ കാലത്തും എതിർക്കപ്പെട്ടിട്ടുണ്ടെന്നും എതിർക്കുന്നവർക്ക് ചരിത്രത്തിൽ പിറകിലാണ് സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരത്തിന്റെ സ്മാരകം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു.

തൃശൂര്‍: ആചാരങ്ങൾ എല്ലാ കാലത്തും ഒരുപോലെ തുടരേണ്ടതല്ലെന്നും അത് കാലം മാറുമ്പോൾ മാറി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരോ കാലത്തും ആചാരങ്ങൾ ലംഘിച്ചാണ് സമൂഹം മുന്നോട്ടു പോയിട്ടുള്ളത്‍. ആചാര ലംഘനം എല്ലാ കാലത്തും എതിർക്കപ്പെട്ടിട്ടുണ്ടെന്നും എതിർക്കുന്നവർക്കു ചരിത്രത്തിൽ പുറകിലാണ് സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിലെ നേതാക്കൾ വൈക്കം, ഗുരുവായൂർ സത്യഗ്രഹത്തിനു പിന്തുണ നൽകിയിരുന്നു. കസ്തൂർബ ഗാന്ധി അടക്കമുള്ളവർ അതിനുവേണ്ടി പ്രചാരണം നടത്താൻ കേരളത്തിൽ എത്തിയിരുന്നു. ശബരിമല വിഷയത്തില്‍ കോൺഗ്രസ് പ്രധാനികൾ എല്ലാം ആചാരത്തിനു എതിരായിരുന്നു. കോൺഗ്രസ് ഇപ്പോൾ എവിടെ നിൽക്കുന്നുവെന്നു പുനരാലോചിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

നമ്മുടെ സാമൂഹിക ജീവിതം മുന്നോട്ട് പോകാൻ കഴിയാതെ നിരവധി അന്ധ വിശ്വാസങ്ങളാൽ കുടുങ്ങി കിടന്നതായിരുന്നു. വിശ്വാസത്തിന് പ്രാധാന്യം നൽകാത്ത കെ. കേളപ്പൻ സമരത്തിന് നേതൃത്വം കൊടുത്തത് എല്ലാവർക്കും ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. നിഷേധിക്കപ്പെട്ട അവകാശം നേടിയെടുക്കാൻ മുന്നിൽ നിന്നവരാണ് കൃഷ്ണപിള്ളയും എ.കെ.ജിയും. ചാതുർവർണ്യം തിരികെ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോൾ ആചാരം പറയുന്നവരെന്നും ആചാരങ്ങൾ മാറ്റമില്ലാത്തവയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികൾ തന്നെയാണ് അനാചാരങ്ങൾ മാറ്റുന്നതിൽ മുന്നിൽ നിന്നിട്ടുള്ളതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. 

click me!