കട്ജുവിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് പിണറായി; ഒപ്പം ഒരു തിരുത്തും

By Web DeskFirst Published Aug 12, 2016, 2:51 PM IST
Highlights

ദലിത് വിഭാഗക്കാര്‍ കേരളത്തില്‍ ഒരുകാലത്തും വിവേചനം അനുഭവിച്ചിട്ടില്ലെന്ന കട്ജുവിന്റെ പരാമര്‍ശമാണ് ശരിയല്ലെന്ന് പിണറായി ചൂണ്ടിക്കാട്ടിയത്. തൊട്ടുകൂടായ്മ നിലനിന്നിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ജാതി വിവേചനത്തിനും ഫ്യൂഡലിസത്തിനുമെതിരെ നടന്ന ശക്തമായ പോരാട്ടമാണ് കേരളത്തെ ഇന്നുകാണുന്ന നിലയിലെത്തിച്ചത്. തുടര്‍ന്ന് പുന്നപ്ര വയലാര്‍ മുതല്‍ ഒഞ്ചിയം വരെയുള്ള വിവിധ സമര പോരാട്ടങ്ങളുടെ ചരിത്രവും മുഖ്യമന്ത്രി വിവരിക്കുന്നു. ഒപ്പം വിദ്യാഭ്യാസം, കൃഷി, അധികാര വികേന്ദ്രീകരണം എന്നിങ്ങനെ വിവിധ മേഖലകളില്‍ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും വിവരിക്കുന്നു. പിണറായിയുടെ ഇംഗ്ലീഷിലുള്ള പോസ്റ്റ് കട്ജു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

 

നന്ദി, ജസ്റ്റിസ് മാര്‍ക്കേണ്ഡയ് കട്ജു.

കേരളത്തെക്കുറിച്ച് താങ്കൾ ഫെയ്‌സ്‌ബുക്കിൽ എഴുതിയ നല്ല വാക്കുകൾക്ക് നന്ദി. ഒരു മലയാളിയെന്ന നിലയിലും, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും താങ്കളുടെ നല്ല വാക്കുകള്‍ അഭിമാനമുണ്ടാക്കുന്നു. അങ്ങയുടെ പോസ്റ്റിൽ സൂചിപ്പിക്കപ്പെട്ട പോലെ വ്യത്യസ്ത ദേശങ്ങളിൽ നിന്നും, മതവിഭാഗങ്ങളിൽ നിന്നും ഉള്ളവരെ സ്വീകരിക്കാനുള്ള ജനാധിപത്യമനസ്സ് എന്നും കേരളം പുലർത്തിയിട്ടുണ്ട്.

എന്നാല്‍ ദളിത് വിഭാഗങ്ങൾ കേരളത്തിൽ വിവേചനം അനുഭവിച്ചിട്ടില്ലെന്ന ഒരു വാചകം താങ്കളുടെ പോസ്റ്റിൽ കാണുകയുണ്ടായി. ചരിത്രപരമായി അത് തെറ്റാണെന്ന് സൂചിപ്പിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു. തൊട്ടുകൂടായ്മയുടെയും, തീണ്ടിക്കൂടായ്മയുടേതുമായ ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നു. ജാതിവിവേചനങ്ങൾക്കെതിരെയും, ജാതീയതയെ ഉദ്ദീപിപ്പിച്ച ജന്മിത്വവ്യവസ്ഥയ്ക്കെതിരെയും നടന്ന ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്നുകാണുന്ന ഒരു കേരളം കെട്ടിപ്പടുക്കാൻ സാധിച്ചത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ ചരിത്രം സമരങ്ങളുടെ ചരിത്രം കൂടിയാണ്.

ഭൂവുടമകൾക്കെതിരെയും ജന്മിത്വത്തിനെതിരെയും നടന്ന പുന്നപ്ര-വയലാര്‍, കയ്യൂർ, കരിവെള്ളൂർ, മൊറാഴ, ഒഞ്ചിയം സമരങ്ങളുടെ സ്മരണകൾ ആവേശമുണർത്താത്ത മലയാളികൾ കുറവാണ്. ജാതിവിവേചനങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഒരു മനസ്സ് കേരളത്തിൽ രൂപപ്പെട്ടുവരുന്നതിൽ ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ തുടങ്ങിയ അനേകം നവോത്ഥാനനായകരുടെയും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെയും ഇടപെടലുകൾ നമ്മൾ കാണാതിരുന്നൂടാ. അധഃസ്ഥിതരുടെ ആരാധനസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്രത്തിനുമായി നടത്തപ്പെട്ട വൈക്കം സത്യാഗ്രഹവും, ഗുരുവായൂർ സത്യാഗ്രഹവും, പാലിയം സമരവും ഒക്കെ കേരളചരിത്രത്തിലെ ഉജ്ജ്വലധ്യായങ്ങളാണ്.

ഈ സമരങ്ങള്‍ക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസത്തിന് കേരളസമൂഹം നല്‍കുന്ന പ്രാധാന്യം. സാമൂഹികോന്നമനത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് കേരളത്തിലെ നവോത്ഥാനനായകരും കൃസ്ത്യൻമിഷനറിമാരും നടത്തിയ ഇടപെടലുകൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ പുത്തനുണർവിനു കാരണമായി. “തങ്ങളുടെ കുട്ടികളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്തു പണിയെടുക്കാൻ ഞങ്ങൾക്ക് മനസ്സില്ല” എന്നു പറഞ്ഞുകൊണ്ട് പണിമുടക്കിയ കണ്ടലയിലെ കർഷകത്തൊഴിലാളികളും, മാറുമറയ്ക്കാനുള്ള അവകാശത്തിനായി സമരം നടത്തിയ ചാന്നാർ സ്ത്രീകളും കേരളത്തിന്റെ പുരോഗമനമനസ്സിന്റെ ശില്പികൾ തന്നെയാണ്.

ഇത്തരത്തിൽ നവോത്ഥാന-ദേശീയപ്രസ്ഥാനങ്ങളും, കർഷക-തൊഴിലാളി സമരങ്ങളും തുടര്‍ന്നുയര്‍ന്നുവന്ന ഇടതുപക്ഷവും ഉഴുതുമറിച്ചിട്ട നിലത്തെ പരുവപ്പെടുത്തിയെടുക്കുക എന്ന ചുമതലയാണ് ആദ്യ സർക്കാർ മുതൽ കേരളത്തിൽ സ്വീകരിച്ചുവന്നത്. ഭൂപരിഷ്ക്കരണത്തിലൂടെയും, വിദ്യാഭ്യാസ ബില്ലിലൂടെയും, അധികാര വികേന്ദ്രീകരണത്തിലൂടെയും, സാമൂഹ്യസേവനമേഖലകളുടെ പൊതുവൽക്കരണത്തിലൂടെയും നവകേരളത്തിന് ഒരു പുതിയ ദിശ പകരുകയാണ് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സർക്കാർ ചെയ്തത്. ഭൂപരിഷ്ക്കരണത്തിലൂടെയും അധികാര വികേന്ദ്രീകരണത്തിലൂടെയും ജന്മിത്വവ്യവസ്ഥയ്ക്കേറ്റ കനത്ത ആഘാതമാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കിയതെന്നു പറയാൻ ആഗ്രഹിക്കുന്നു.

അവസാനമായി, ആരാണ് യഥാർഥ ഇന്ത്യക്കാർ എന്ന ചോദ്യം ഉയർത്തുമ്പോൾ, ഇന്ത്യ എന്നത് ഏകതാനമായ ഒരു ആശയമല്ല എന്നും കൂടി മനസ്സിലാക്കേണ്ടതാണ്. പ്രത്യേകിച്ച് ജമ്മു-കാശ്മീരിനെയും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോൾ ഇത് കൂടുതല്‍ പ്രസക്തമാകുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വർഷത്തിലേക്ക് കടക്കുന്ന ഈ അവസരത്തിൽ വ്യത്യസ്ത വിഭാഗങ്ങളുടെ ശബ്ദം ഒരേപോലെ കേൾക്കാനുള്ള അവസരം ഉണ്ടാകുന്നുവെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികളും, ദളിതരും, ആദിവാസികളും, സ്ത്രീകളും, കുട്ടികളും, ലൈഗിംക ന്യൂനപക്ഷങ്ങളും, മുസ്ലീങ്ങളും, ക്രിസ്ത്യാനികളുമെല്ലാം ഉള്‍പ്പെടുന്ന സമൂഹത്തിലെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ ഈ രാജ്യം തങ്ങളുടേത് കൂടിയാണ് എന്ന തോന്നൽ അവർക്കുണ്ടാവുകയുള്ളൂ. അപ്പോള്‍ മാത്രമാണ് ശരിയായ ഇന്ത്യ രൂപപ്പെടുക. കേരളം കൈവരിച്ച നേട്ടങ്ങൾ ഭാരതമൊന്നാകെ പടർത്താൻ സാധിക്കുമ്പോൾ മാത്രമെ ഭരണഘടനാശില്പികൾ വിഭാവനം ചെയ്ത ഒരു ഇന്ത്യ സാധ്യമാകുകയുള്ളൂ. അത് എത്രയും പെട്ടെന്ന് സാധ്യമാകുമെന്ന് പ്രത്യാശിക്കുന്നു.

താങ്കളുടെ നല്ല വാക്കുകള്‍ക്ക് ഒരിക്കല്‍ കൂടി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

click me!