അഭിമന്യുവിന്‍റെ കുടുംബത്തിന് സ്വപ്നവീട്: മുഖ്യമന്ത്രി ഇന്ന് താക്കോൽ കൈമാറും

By Web TeamFirst Published Jan 14, 2019, 6:51 AM IST
Highlights

അഭിമന്യുവിന്‍റെ കുടുംബത്തിന് സി പി എം നിർമിച്ച് നൽകുന്ന വീടിന്‍റെ താക്കോൽദാനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും. വട്ടവടയിൽ സ്ഥാപിച്ച 'അഭിമന്യു മഹാരാജാസ്' വായനശാലയുടെ ഉദ്ഘാടനവും പിണറായി വിജയൻ നിർവഹിക്കും.

ഇടുക്കി: അഭിമന്യുവിന്‍റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. വട്ടവടയിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടിന്‍റെ താക്കോൽ അഭിമന്യുവിന്‍റെ മാതാപിതാക്കൾക്ക് കൈമാറും. വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റർ അകലെയാണ് പുതിയ വീട്. പത്തര സെന്‍റ് ഭൂമിയിൽ 1,226 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിർമിച്ചിരിക്കുന്നത്.

വീടിനും സ്ഥലത്തിനുമായി സി പി എം 40 ലക്ഷം രൂപയാണ് ചെലവിട്ടത്. വീടിന്‍റെ താക്കോൽദാന ചടങ്ങ് സിപിഎം വിപുലമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി എം എം മണി ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കെടുക്കും. ഇതിന് ശേഷം വട്ടവട പഞ്ചായത്ത് സ്ഥാപിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് വായനശാല സജ്ജീകരിച്ചിരിക്കുന്നത്. അഭിമന്യുവിനെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും സമ്മാനിച്ച നാൽപതിനായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിലുള്ളത്.

രണ്ട് പരിപാടികൾക്കും ശേഷം വട്ടവടയിൽ നിന്ന് മടങ്ങുന്ന മുഖ്യമന്ത്രി വൈകീട്ട് തൊടുപുഴയിൽ നടക്കുന്ന എൽഡിഎഫിന്‍റെ രാഷ്ട്രീയ റാലിയിൽ പങ്കെടുക്കും.  അഭിമന്യുവിന്റെ ഓര്‍മകൾ നിലനിര്‍ത്തി പാര്‍ട്ടി എല്ലാം ഒരുക്കുമ്പോഴും അഭിയുടെ വേര്‍പാടിന്റെ വേദന കുടുംബത്തെ വിട്ടൊഴിയുന്നില്ല.

click me!