
തിരുവനന്തപുരം: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ചരിത്രത്തെ ഡോക്യുമെൻറ് ചെയ്യാനുള്ള അപാരമായ സാധ്യതകൾ സിനിമയിൽ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിൻ രാജേന്ദ്രൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കയ്യൂർ സമരം ചിത്രീകരിക്കുന്ന മീനമാസത്തിലെ സൂര്യൻ, കേരള ചരിത്രത്തിലെ മറ്റൊരു കാലഘട്ടം അവതരിപ്പിക്കുന്ന സ്വാതി തിരുനാൾ എന്നിവ ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. സിനിമ വെറും വിനോദോപാധി മാത്രമല്ലെന്നും അതിൽ ഡോക്യുമെന്ററി സാധ്യതയുണ്ടെന്നും അദ്ദേഹം കണ്ടറിഞ്ഞു.
കലാമൂല്യമുള്ള സിനിമകളിലേക്ക് ജനങ്ങളെ സാർവത്രികമായി ആകർഷപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. വേനൽ, ചില്ല്, ദൈവത്തിന്റെ വികൃതികൾ മുതലായ സിനിമകളിൽ ലെനിൻ രാജേന്ദ്രന്റെ ഈ വൈഭവം പ്രകടമാണ്.
പുതിയ ചലച്ചിത്ര സംസ്കാരത്തെ പോഷിപ്പിച്ചതിൽ പ്രമുഖനായിരുന്ന ലെനിൻ രാജേന്ദ്രൻ എക്കാലവും ഇടതുപക്ഷ - പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം പ്രതിബദ്ധതയോടെ ഉറച്ചുനിന്ന വ്യക്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam