
തിരുവനന്തപുരം: നവോത്ഥാന ആശയങ്ങളുടെ പ്രചരണാര്‍ഥം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ഹൈക്കോടതിയിൽ ഹർജി. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആണ് കോടതിയെ സമീപിച്ചത്. വനിതാ മതിലിനുള്ള പണം എവിടെ നിന്നെന്നു സർക്കാർ വ്യക്തമാക്കണമെന്നും വനിതാ മതിലിന്റെ ഉദ്ദേശത്തിൽ സംശയമുണ്ടെന്നും ഹർജിയിൽ പികെ ഫിറോസ് പറയുന്നു.
വനിതാ മതിലിനെതിരെ നേരത്തെ തന്നെ മുസ്ലിംലീഗും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. 14ാം നിയമസഭയുടെ 13ാം സമ്മേളനത്തില്‍ പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് നേതാവുമായ എംകെ മുനീറും സമാന ആരോപണം ഉന്നയിച്ചിരുന്നു.
അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയ എംകെ മുനീറിന്‍റെ പ്രസംഗത്തിന്‍റെ തുടക്കത്തില്‍ തന്നെയുള്ള ' വര്‍ഗീയ മതില്‍' പരാമര്‍ശമായിരുന്നു സഭ ബഹളമയമാക്കിയത്. എന്നാല്‍ ബഹളത്തിനിടയിലും മുനീര്‍ പ്രസംഗം തുടര്‍ന്നു. 'വര്‍ഗീയ മതില്‍ തന്നെയാണ്. മറ്റ് വിഭാഗങ്ങളിലെ സ്ത്രീകളെ ഉള്‍പ്പെടുത്താതെ ഹിന്ദു വിഭാഗങ്ങളെ മാത്രം ഉള്‍പ്പെടുത്തയുള്ള മതിലിനെ പിന്നെ എന്താണ് വിളിക്കേണ്ടതെന്നും മുനീര്‍ ചോദിച്ചു.
ഏതെങ്കിലും മത-ജാതി വിഭാഗങ്ങള്‍ മാത്രം നടത്തുന്ന പരിപാടിക്ക് സര്‍ക്കാര‍് നേതൃത്വം നല്‍കരുതെന്ന് ഇന്ത്യന്‍ ഭരണഘടന പറഞ്ഞിട്ടുണ്ടെന്നും മുനീര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam