ആഗോളഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്ഥാനെന്ന് പ്രധാനമന്ത്രി

By Web DeskFirst Published Oct 16, 2016, 1:51 AM IST
Highlights

പനജി: ആഗോളഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരെ സംരക്ഷിക്കുന്ന രാജ്യത്തിനെതിരെ ബ്രിക്സ് രാജ്യങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോവയിൽ ബ്രിക്സ് രാഷ്ട്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ബ്രിക്സ് ഉച്ചകോടിയിൽ ഭീകരവാദം പ്രധാനവിഷയമായി ഇന്ത്യ ഉന്നയിച്ചു. അയൽരാജ്യം ഭീകരവാദത്തിന്റെ പ്രഭാവകേന്ദ്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.

ഭീകരവാദികളെ പിന്തുണക്കുക മാത്രമല്ല വളർത്തുകയും ചെയ്യുകയാണ്. രാജ്യത്തെ പൗരൻമാരുടെ ഭീവന് തന്നെ ഭീഷണിയാണ് അയൽ രാജ്യത്തിന്റെ ഈ നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തികവളർച്ചക്ക് ഭീകരവാദം തടസമാകുകയാണ്. ഭീകരവാദത്തിനെതിരെ ബ്രിക്സ് രാജ്യങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ രണ്ട് സ്ഥിരാംഗങ്ങൾ ഉൾപ്പടെ അഞ്ച് ലോകനേതാക്കൾക്ക് മുന്നിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയുടെ  നിലപാടിനെ ചൈന എങ്ങനെയാണ് സ്വീകരിക്കുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. റഷ്യ ബ്രസീൽ ദക്ഷിണാഫ്രിക്ക എന്നി ബ്രിക്സ് രാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ട്. ഈ കൂട്ടായ്മയ്ക്കു പുറമെ ഇന്ത്യ ബംഗ്ളാദേശ് ശ്രീലങ്ക, നേപ്പാൾ, മ്യാൻമാർ, ഭൂട്ടാൻ, തായ് ലന്റ് എന്നീ രാജ്യങ്ങളുടെ ബിംസ്റ്റെക് കൂട്ടായ്മയും ഗോവയിൽ ഒത്തു ചേരുന്നുണ്ട്.  

ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി പ്രധാനമന്ത്രി പ്രത്യേകം ചർച്ച നടത്തി. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയുമായി ഉച്ചക്ക് ശേഷമാണ് കൂടിക്കാഴ്ച. മ്യാൻമാറിനെ പ്രതിനിധീകരിക്കുന്നത് സ്റ്റേറ്റ് കൗൺസലറും വിദേശകാര്യമന്ത്രിയുമായ ഓങ് സാങ് സൂചിയാണ്.  ആണവവിതരണ ഗ്രൂപ്പിലെ അംഗത്വം. ഐക്യരാഷ്ട്രസഭയുടെ പരിഷ്ക്കരണം എന്നീ വിഷയങ്ങളിലും നിലപാട് ശക്തമായി അവതരിപ്പിക്കാൻ ഉച്ചകോടി ഇന്ത്യ അവസരമാക്കുകയാണ്.
 
 

click me!