പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യം

By Web DeskFirst Published Dec 30, 2016, 8:04 PM IST
Highlights

ദില്ലി: നോട്ട് അസാധുവാക്കലിന്റെ തുടര്‍നടപടികള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ഏഴു മുപ്പതിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇനി സംഭവിക്കാന്‍ പോകുന്നതെല്ലാം പാവങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്മ്പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

വൈകിട്ട് ഏഴരയ്‌ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും എന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. നവംബര്‍ എട്ടിന് ഇതു പോലൊരു അഭിസംബോധനയില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി പിന്നീട് ഗോവയില്‍ നടന്ന യോഗത്തിലാണ് തനിക്ക് 50 ദിവസം നല്‍കാനുള്ള അഭ്യര്‍ത്ഥന മുന്നോട്ടു വച്ചത്.

കള്ളപ്പണത്തിനെതിരെയുള്ള നടപടി പിന്നീട് ക്യാഷ്‌ലെസ് സാമ്പത്തിക അവസ്ഥയ്‌ക്കുള്ള പ്രചരണത്തിനും വഴിമാറി. ഡിജിറ്റല്‍ ഇടപെടിന് പ്രധാനമന്ത്രി ഭീം ആപ്പ് എന്ന പേരില്‍ മൊബൈല്‍ അപ്പ് ഇന്നലെ പുറത്തിറക്കിയിരുന്നു. വരും നാളുകള്‍ പാവപ്പെട്ടവരുടേതായിരിക്കും  എന്ന സൂചന മാത്രമാണ് പ്രധാനമന്ത്രി ഇന്നലെ പുതിയ പ്രഖ്യാപനങ്ങളെക്കുറിച്ച് നല്‍കിയത്.

നോട്ട് അസാധുവാക്കലിന്റെ ദുരിതം സഹിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുമ്പോള്‍ തന്നെ അവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു.  ഏത്ര നോട്ട് അച്ചടിച്ചു എന്നോ എത്ര നോട്ട് ബാങ്കില്‍ എത്തിയെന്നോ ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്തായാലും വലിയ രാഷ്‌ട്രീയ തര്‍ക്കങ്ങളാണ് നവംബര്‍ എട്ടിനു ശേഷം രാജ്യം കണ്ടത്. പ്രതിപക്ഷത്ത് ഐക്യം ഇപ്പോള്‍ ദൃശ്യമല്ലെങ്കിലും പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്കെതിരെ ഭൂരിപക്ഷം പാര്‍ട്ടികളും കൈകോര്‍ത്തിരുന്നു. അതിനാല്‍ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രിക്ക് രാഷ്‌ട്രീയ അന്തരീക്ഷം തനിക്ക് അനുകൂലമാക്കി മാറ്റേണ്ടിവരും.

ഇതിന് നോട്ട് അസാധുവാക്കല്‍ വന്‍ വിജയമാണെന്ന പ്രഖ്യാപനത്തിനപ്പുറമുള്ള നടപടികള്‍ക്ക് കേന്ദ്രം തുടക്കം കുറിക്കേണ്ടത് അനിവാര്യമാണ്. പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസംഗത്തിനു ശേഷം തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ വന്‍റാലിയോടെ ജനമധ്യത്തില്‍ ഇറങ്ങാനാണ് ബിജെപി തീരുമാനം. അതേസമയം, സ്ഥിതി നിരീക്ഷിച്ച ശേഷം സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം അടുത്തയാഴ്ച ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

click me!