
ദില്ലി: ദില്ലി സർവ്വകലാശാലയിൽ എത്തി മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ എഎപി നേതാക്കൾക്ക് കഴിഞ്ഞില്ല.മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകൾ ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ പറഞ്ഞിരുന്നു.ഇതിന്റെ ചുവട് പിടിച്ച് മോദിയുടെ ബിരുദം വ്യാജമെന്ന വാദിക്കുന്ന ആംആദ്മി പാർട്ടി നേതാക്കൾ ദില്ലി സർവ്വകലാശാലയിൽ എത്തിയെങ്കിലും സർവ്വകലാശാലയിൽ ഉണ്ടായിരുന്ന വിസി യോഗേഷ് ത്യാഗി എഎപി നേതാക്കളെ കാണാൻ കൂട്ടാക്കിയില്ല.
ഒന്നര മണിക്കൂർ കാത്തിരുന്ന എഎപി നേതാക്കളോട് നാളെ സർവ്വകലാശാലയിൽ എത്താൻ വിസിയുടെ ഓഫീസ് അറിയിപ്പ് നൽകി.തുടർന്ന് സർവ്വകലാശാല ഗേറ്റിന് മുന്നിൽ എത്തിയ എഎപി നേതാക്കൾ ഇന്നലെ ബിജെപി പുറത്ത് വിട്ട മോദിയുടെ മാർക്ക് ലിസ്റ്റുകൾ വ്യാജമാണെന്ന് കാട്ടി കൂടുതൽ തെളിവുകൾ നിരത്തി.
സർവ്വകലാശാലകൾ കമ്പ്യൂട്ടറുകൾ ഉപയോഗിക്കാതിരുന്ന കാലത്ത് എങ്ങനെ മോദിക്ക് മാത്രം കമ്പ്യൂട്ടറൈസ്ഡ് സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന് ബിജെപി വ്യക്തമാക്കണമെന്ന് എഎപി നേതാക്കൾ ആവശ്യപ്പെട്ടു. ഫോറൻസിക്ക് പരിശോധന ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് കൊണ്ടാണ് കൈകൊണ്ടെഴുതിയ മാർക്ക് ലിസ്റ്റ് ചമക്കാതെ കമ്പ്യൂട്ടറിൽ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് ആം ആദ്മി നേതാക്കള്‍ ആരോപിച്ചു.
അടിയന്തിരാവസ്ഥ കാലത്ത് ഒളിവിൽ പോയ മോദി എങ്ങനെ ഹാൾ ടിക്കറ്റ് കാട്ടി പരീക്ഷ എഴുതിയെന്നും എഎപി നേതാക്കൾ ചോദിച്ചു.അതേസമയം ബിരുദ മാർക്ക് ലിസ്റ്റിലെ മോദിയുടെ പേരിലെ വ്യത്യസത്തിന് വിശദീകരണവുമായി ഗുജറാത്ത് സർവ്വകലാശാല രംഗത്തെത്തി.എംഎക്ക് പഠിക്കുമ്പോൾ മോദി പേരിൽ നിന്നും കുമാർ ഒഴിവാക്കിയെന്ന് സർവ്വകലാശാല വ്യക്തമാക്കി. (പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച് സാക്ഷ്യപത്രവും വിശദീകരണവുമായി ബിജെപി രംഗത്തെത്തുമ്പോൾ സാങ്കേതിക വശങ്ങളിലേക്ക് ഇറങ്ങി ചെന്ന് വിഷയം വിവാദമായി നിലനിർത്താൻ തന്നെയാണ് എഎപിയുടെ ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam