ടോം ഉഴുന്നാലിലുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി താല്പര്യം പ്രകടിപ്പിച്ചു

By Web DeskFirst Published Sep 14, 2017, 1:37 PM IST
Highlights

ഫാദര്‍ ടോം ഉഴുന്നാലില്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ദില്ലിയില്‍ വെച്ച് കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താല്പര്യം പ്രകടിപ്പിച്ചു. ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ അവസാന നിമിഷം നിര്‍ണ്ണായകമായത് വത്തിക്കാന്റെ ഇടപെടലാണെന്ന് കാത്തലിക് ബിഷപ്‍സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) വ്യക്തമാക്കി. വത്തിക്കാന്റെ പങ്ക് കേന്ദ്രം അംഗീകരിക്കാത്തത് വിവാദമാക്കേണ്ടതില്ലെന്നും സി.ബി.സി.ഐ പ്രതികരിച്ചു.
 
ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ വത്തിക്കാന്റെ പങ്ക് വ്യക്തമാക്കാതെയാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉള്‍പ്പടെയുള്ള കേന്ദ്ര മന്ത്രിമാര്‍ ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ ഇത് വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.ബി.സി.ഐ. ഇന്ത്യന്‍ സര്‍ക്കാര്‍ വലിയ ശ്രമം ടോം ഉഴുന്നാലിന്റെ മോചനത്തിനായി നടത്തിയിട്ടുണ്ട്. അതിനാല്‍ ആര് ഇതില്‍ പങ്കുവഹിച്ചു എന്നത് അനാവശ്യവിവാദമാണെന്നും സി.ബി.സി.ഐ വ്യക്തമാക്കി. രണ്ടാഴചയെങ്കിലും കഴിഞ്ഞേ ഫാദര്‍ ടോം ഉഴുന്നാലില്‍ ഇന്ത്യയിലേക്ക് വരൂ. ദില്ലിയില്‍ ഫാദര്‍ ടോം ഉഴുന്നാലിലുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. സഭാ നേതൃത്വവുമായി വിദേശകാര്യമന്ത്രാലയം ഇക്കാര്യം ചര്‍ച്ച ചെയ്തെന്നാണ് സൂചന. 

click me!