ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തിയില്ല; പ്രതിപക്ഷം നടപടികള്‍ തടസ്സപ്പെടുത്തി

By Web DeskFirst Published Nov 24, 2016, 9:46 AM IST
Highlights

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഉച്ചൂണിനുള്ള ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ എത്തിയില്ല. കടുത്ത വിവര്‍ശനങ്ങള്‍ക്ക് ശേഷമാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി രാജ്യ സഭയിലെത്തിയത്. പ്രധാനമന്ത്രി സഭയിലെത്തണമെന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം കഴിഞ്ഞ ദിവസങ്ങളില്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച ആവാമെങ്കിലും പ്രധാനമന്ത്രി മറുപടി പറയേണ്ടതില്ലെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.

സഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ പ്രധാനമന്ത്രി രാജ്യസഭയിലെത്തി. ചര്‍ച്ച മുഴുവന്‍ പ്രധാനമന്ത്രി കേള്‍ക്കണമെന്നും സഭയില്‍ സംസാരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കണമെന്ന നിബന്ധനയോടെയാണ് ചര്‍ച്ച ആരംഭിച്ചത്. തുടര്‍ന്ന് സംസാരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രൂക്ഷമായ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാറിനെതിരെ ഉന്നയിച്ചത്.

എന്നാല്‍ ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തിയില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളം തുടങ്ങി. പ്രധാനമന്ത്രി എത്താതെ ചര്‍ച്ച തുടരാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച പ്രതിപക്ഷം നടത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. തുടര്‍ന്ന് സഭാ നടപടികള്‍ മൂന്നു മണി വരെ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

click me!