മണ്‍വിള തീപിടിത്തം: സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴ്സും പൊലീസും

By Web TeamFirst Published Nov 1, 2018, 9:02 AM IST
Highlights

ഇന്നലെ വൈകിട്ട് ഏഴേകാലോടെ ആരംഭിച്ച അഗ്നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണ വിധേയമായത്

തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്‍റെ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസും ഫയര്‍ഫോഴ്സും. 500 കോടി നഷ്ടമാണ് ഇപ്പോള്‍ ഫാമിലി പ്ലാസ്റ്റിക്സ് അധികൃതര്‍ കണക്കുക്കൂട്ടിയിരിക്കുന്നത്.

ഇന്നലെ വൈകിട്ട് ഏഴേകാലോടെ ആരംഭിച്ച അഗ്നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണ വിധേയമായത്. അഗ്നിശമനസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കൂടുതല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീ പിടിച്ചതാണ് അഗ്നിബാധ രൂക്ഷമാക്കിയത്.

അഞ്ച് നില കെട്ടിടം ഏതാണ്ട് പൂര്‍ണ്ണമായും കത്തിയിരുന്നത് കൊണ്ട് കെട്ടിടത്തിന് ബലക്ഷയമുണ്ട്. അതുകൊണ്ട് തന്നെ കെട്ടിടത്തിന് സമീപത്തേക്ക് പോകുകയെന്നത് ഏറെ ശ്രമകരമാണ്. ഏത് നിമിഷവും കെട്ടിടം നിലംപതിക്കാമെന്ന നിലയിലാണ്. അഗ്നിബാധ തുടങ്ങിയ ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് കെട്ടിടത്തില്‍ ഏതാണ്ട് നൂറ്റമ്പതോളം ജീവനക്കാരുണ്ടായിരുന്നു.

ഇവരെ പെട്ടെന്ന് തന്നെ ഒഴിപ്പിച്ചത് കൂടുതല്‍ ദുരന്തമുണ്ടാകുന്നതില്‍ നിന്ന് തടഞ്ഞു. രണ്ട് പേര്‍ക്ക് വിഷപുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളൊഴിച്ചാല്‍ മറ്റ് ആര്‍ക്കും തന്നെ പരിക്കുകളില്ല. ജയറാം രഘു, ഗിരീഷ് എന്നിവരെ വിഷ പുകശ്വസിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫാക്ടറിയിലെ മറ്റ് തൊഴിലാളികളെല്ലാം സുരക്ഷിതരാണ്.

click me!