പണംവച്ചു ചീട്ടുകളി: അഞ്ചംഗ സംഘം പിടിയില്‍

By Asianet NewsFirst Published Jun 3, 2016, 5:55 PM IST
Highlights

ഇടുക്കി: ഇടുക്കിയിലെ കുമളിക്കു സമീപം സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പണംവച്ചു ചീട്ടുകളിച്ച അഞ്ചംഗം സംഘത്തെ പൊലീസ് പിടികൂടി. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അടക്കമുള്ളവരാണു പിടിയിലായത്. ഇവരില്‍നിന്നു രണ്ടര ലക്ഷം രൂപയും കണ്ടെടുത്തു.

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വലിയവീട്ടില്‍ കബീര്‍, ഈരാട്ടുപേട്ട സ്വദേശികളായ വെള്ളിത്തോട്ടം നൂര്‍സലാം, തെക്കേമംഗലത്ത് വീട്ടില്‍ സിറാജ്, കാഞ്ഞിരപ്പള്ളി സ്വദേശികളായ പുതുപ്പറമ്പില്‍ ബഷീര്‍, മഠത്തില്‍വീട്ടില്‍ ജലീല്‍ എന്നിവരെയാണു പണം വെച്ച് ചീട്ടു കളിക്കുന്നതിനിടയില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഉച്ചയ്ക്കു കുമളിക്കു സമീപം മുല്ലയാറിലെ ടാബര്‍നാക്കിള്‍ എന്ന റിസോര്‍ട്ടില്‍ നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 2,45,980 രൂപയും അഞ്ചു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇവര്‍ ചീട്ടു കളിക്കാനെത്തിയ രണ്ടു മുന്തിയ ഇനം കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പിടിച്ചെടുത്ത പണം അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.  കാഞ്ഞിരപ്പള്ളിയിലേയും ഈരാറ്റുപേട്ടയിലേയും റബ്ബര്‍ വ്യാപാരികളാണ് ഇവരില്‍ പലരുമെന്നു പോലീസ് പറഞ്ഞു. ഇവരില്‍ ചിലര്‍ ഉള്‍പ്പെട്ട സംഘത്തെ പണം വെച്ച് ചീട്ട് കളിച്ചതിന് എതാനും മാസം മുമ്പ് തിരുവല്ലയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുമളി എസ്.ഐ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചീട്ടുകളിക്കാരെപിടികൂടിയത്.

 

click me!