ഗോശ്രീ പാലത്തിനു സമീപം കഞ്ചാവ് വിറ്റ സംഘത്തിന്‍റെ കയ്യിൽ ആയുധങ്ങളും; നാലു യുവാക്കൾ അറസ്റ്റിൽ

By Web TeamFirst Published Feb 7, 2019, 11:13 PM IST
Highlights

ഇവരിൽനിന്ന് ഒന്നര കിലോയിലധികം കഞ്ചാവും വടിവാളും പിടിച്ചെടുത്തു. കൊച്ചി നഗരത്തിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ്

കൊച്ചി: ആയുധങ്ങളും കഞ്ചാവുമായി നാലു യുവാക്കൾ കൊച്ചിയിൽ അറസ്റ്റിൽ. ഇവരിൽനിന്ന് ഒന്നര കിലോയിലധികം കഞ്ചാവും വടിവാളും പിടിച്ചെടുത്തു. കൊച്ചി നഗരത്തിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

എറണാകുളം ഗോശ്രീ പാലത്തിനു സമീപം വെച്ചാണ് ബൈക്കിലെത്തിയ കഞ്ചാവ് വിൽപ്പന സംഘത്തെ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. വില്പനക്കാരായ ഫനാൻ, ഫിലലുദ്ദീൻ, കഞ്ചാവ്‌ വങ്ങാനെത്തിയ സജീഷ്‌, ആസിഫ്‌ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും മണ്ണാർക്കാട് സ്വദേശികളാണ്.

ബാഗിൽ സൂക്ഷിച്ചിരുന്ന ഒന്നര കിലോയിലധികം ഉണക്കിയ കഞ്ചാവും ചെറിയ പാക്കറ്റുകളിലാക്കി പൊടിയാക്കിയ കഞ്ചാവും ഉണ്ടായിരുന്നു. രണ്ട് വടിവാളുകളും ഒരു കഠാരയും ബാഗിൽ നിന്നും കണ്ടെടുത്തു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും നഗരത്തിൽ ലഹരിമരുന്നിനെതിരെയുള്ള പരിശോധനകൾ ശക്തമാക്കുമെന്നും കൊച്ചി അസിസ്റ്റന്‍റ് കമ്മീഷണർ പറഞ്ഞു.

കൊച്ചിയിൽ ഗോശ്രീ പാലവും മറൈൻഡ്രൈവും കേന്ദ്രീകരിച്ച് കഞ്ചാവും മറ്റ് ലഹരി മരുന്നുകളുടെ ചില്ലറവില്പനയും സജീവമാകുന്നതായി പരാതികൾ ഉയർന്നിരുന്നു. 

click me!