
കൊച്ചി: പുതുവൈപ്പിലെ എൽ പി ജി സമരത്തെ അടിച്ചമർത്തിയ പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. കൊച്ചി ഡി സി പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ആരോപണം. സംഭവത്തിൽ ബാലാവകാശ കമ്മീഷനും ഇടപെട്ടു.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന പുതുവൈപ്പിനിലെ സമരക്കാരെ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ക്രൂരമായിട്ടാണ് കൈകാര്യം ചെയ്തത്. കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്നതിനാൽ യാതൊരു സമരവും നഗരത്തിൽ അനുവദിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. മറൈൻഡ്രവിൽ പ്രതിഷേധവുമായി സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ട് പോയത്. കുട്ടികൾ അടക്കമുള്ളവർ പേടിച്ചരണ്ടു,മറ്റ് കാര്യങ്ങൾക്കായി നഗരത്തിൽ എത്തിയവരേയും ഡിസിപിയും സംഘവും വെറുതെ വിട്ടില്ല. ലാത്തി കൊണ്ട് അടിച്ചോടിച്ചു. ഇരുനൂറോളം പേരെ പിടിച്ചു കൊണ്ട് പോയി. സ്ത്രീകൾ അടക്കമുള്ളവരെ മണിക്കൂറുകളോളം ആണ് സ്റ്റേഷനിൽ തടങ്കലിൽ വെച്ചത്.
ഡിസിപി യതീഷ് ചന്ദ്രയ്ക്കെതിരെ സിപിഎം തന്നെ രംഗത്തെത്തിയിരുന്നു. അങ്കമാലിയിൽ എൽഡിഎഫ് ഉപരോധത്തിനിടെയായിരുന്നു അന്നത്തെ റൂറൽ എസ് പി ആയിരുന്ന യതീഷ് ചന്ദ്രയുടെ ലാത്തി ചാർജ്ജ്. നിരവധി നേതാക്കൾക്ക് അടിയേറ്റു.ഇതിന് പിന്നാലെയാണ് കൊച്ചി നഗരവും സമാന രംഗങ്ങൾക്ക് സാക്ഷിയായത്.പൊലീസ് നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോടാണ് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam