
ഖത്തറിനെതിരെ ഉന്നയിച്ച പരാതികളുടെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്ന് സൗദി. അഭിപ്രായ വ്യത്യാസങ്ങളുടെ പട്ടിക തയ്യാറാക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇത്തരം നടപടി പ്രശ്ന പരിഹാരം വൈകാൻ ഇടയാക്കുമെന്നാണ് ആശങ്ക.
ഖത്തറിനെതിരെ തങ്ങൾ ഉന്നയിച്ച ആരോപണങ്ങളുടെ വിശദശാംശങ്ങൾ ഉടൻ പുറത്തുവിടുമെന്ന് വ്യക്തമാക്കിയ സൗദി വിദേശകാര്യ മന്ത്രി പ്രശ്‌നപരിഹാരത്തിന് തങ്ങൾ മുന്നോട്ടുവെക്കുന്ന ഉപാധികൾ പട്ടികയിൽ ഉണ്ടായിരിക്കില്ലെന്നും അറിയിച്ചു. എന്നാൽ പഴയ ആരോപണങ്ങളുമായി മുന്നോട്ടു പോകാൻ തന്നെയാണ് സൗദിയുടെയും സഖ്യകക്ഷികളുടെയും തീരുമാനമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്നും പ്രശ്നപരിഹാരം വൈകിപ്പിക്കാൻ ഇതിടയാക്കുമെന്നുമാണ് അന്താരാഷ്‌ട്ര സമൂഹം ആശങ്കപ്പെടുന്നത്.
അതേസമയം ഖത്തറിന് മേൽ തീവ്രവാദ ബന്ധം ആരോപിച്ചുകൊണ്ട് സൗദിയുടെ നേതൃത്വത്തിൽ തയാറാക്കിയ പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്ര സഭ ആവർത്തിച്ചു വ്യക്തമാക്കി. പട്ടികയിൽ സൂചിപ്പിച്ച സംഘടനകളും വ്യക്തികളും നിരവധി രാജ്യങ്ങളിൽ ജനാധിപത്യപരമായ ഇടപെടലുകൾ നടത്തുന്നവരാണെന്നും ഇവരെ ഏകപക്ഷീയമായി തീവ്രവാദികളായി ചിത്രീകരിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഐക്യ രാഷ്ട്ര സഭ വക്താവ് സ്റ്റീഫൻ ദുജൈരിക് അഭിപ്രായപ്പെട്ടു.
ഇതിനിടെ, ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്താനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് റ്റില്ലേഴ്സൻ തന്റെ മെക്സിക്കൻ യാത്ര റദ്ദാക്കിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ ഗൾഫിലെ ഭരണാധികാരികളുമായുള്ള ആശയ വിനിമയം കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചതായി അമേരിക്കൻ ആഭ്യന്തര വകുപ്പ് വക്താവ് ഹീതർ നൗററ്റും അറിയിച്ചു.വേണ്ടിവന്നാൽ അനുരഞ്ജന ചർച്ചകൾക്കായി റഅമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയേക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam