കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ വീണ്ടും പൊലീസ് കയ്യേറ്റം

By Web DeskFirst Published Jul 30, 2016, 9:55 AM IST
Highlights

രാവിലെ നടന്ന സംഭവങ്ങള്‍ പൊലീസിന്റെ പിഴവ് കൊണ്ട് സംഭവിച്ചതാണെന്നും ആര്‍ക്കുമെതിരെ കേസെടുക്കില്ലെന്നും ടൗണ്‍ സി.ഐ അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം വാഹനം തിരിച്ചെടുക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് വീണ്ടും ആക്രമണം അഴിച്ചുവിട്ടത്. ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ ടൗണ്‍ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാമാന്‍ അഭിലാഷ്‍, ഡ്രൈവര്‍ ജയപ്രകാശ് എന്നിവരെ മര്‍ദ്ദിച്ചത്.

കേസൊന്നുമില്ലെങ്കിലും വാഹനം കൊണ്ടുപോകാനാവില്ലെന്നും അതിന് ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരുടെ അനുവാദം വേണമെന്നും പൊലീസ് അറിയിച്ചതനുസരിച്ച് സ്റ്റേഷന് മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്ന സംഘത്തെ രാവിലെ ആക്രമണം അഴിച്ചുവിട്ട പൊലീസുകാര്‍ തന്നെ സ്റ്റേഷന് മുന്നിലെത്തി മാധ്യമ പ്രവര്‍ത്തകരെ വലിച്ചിഴച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസിന് നിങ്ങളെ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് കാണിച്ച് തരാമെന്ന് പറഞ്ഞ എസ്.ഐ വിനോദ്, ഇവരെ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് പേരെയും സ്റ്റേഷനുള്ളില്‍ എത്തിച്ച ശേഷം മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ കയറാതെ സ്റ്റേഷന്റെ മുന്‍ വാതില്‍ പോലീസുകാര്‍ അകത്ത് നിന്ന് പൂട്ടി കാവല്‍ നിന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ മറ്റ് പൊലീസുകാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

click me!