
തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അച്ഛനും അമ്മയും അടക്കമുള്ള കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ഡിജിപി ഓഫിസിനുമുന്നിലെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഇവരെ പൊലീസ് നീക്കിയത്. പൊലീസ് നടപടിയില്‍ പരുക്കേറ്റ ജിഷ്ണുവിന്റെ അമ്മ മഹിജ പേരൂര്‍ക്കട ആശുപത്രിയില്‍ ചികില്‍സയിലാണ്.
രാവിലെ ഏഴുമണിയോടെയാണ് ജിഷ്ണുവിന്‍റെ അമ്മയും അച്ഛനും അടങ്ങുന്ന കുടംബാംഗങ്ങള്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് വഴുതക്കാട്ടെ ഒരു ഫ്ലാറ്റിലെത്തി. ഇവിടെ എത്തിയ പൊലീസ് ഡിജിപി ഓഫിസിനുമുന്നിലെ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടു. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ കുടുംബവും ഉറച്ച നിലപാടെടുത്തു.
പത്തുമണിയോടെ 16പേരടങ്ങുന്ന സംഘം ഡിജിപി ഓഫിസിനുമുന്നില്‍ എത്തി. ഇവരെ പൊലീസ് തടഞ്ഞു. ഡിജിപിയുമായി കൂടിക്കാഴ്ചക്ക് അഞ്ചുപേരെ അനുവദിക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും വിട്ടുവീഴ്ച ഉണ്ടായില്ല. സമരവുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിനൊടുവില്‍ ഉന്തും തള്ളുമുണ്ടായി. അറസ്റ്റ് ചെയ്ത് നീക്കാനുള്ള പോലീസ് നടപടിയ്‌ക്കെതിരെ നടുറോഡില്‍ കിടന്ന് മഹിജ പ്രതിഷേധിച്ചു.
ഇതിനിടെ വനിതാ പൊലീസ് മഹിജയെ ബലംപ്രയോഗിച്ച് നീക്കി. മഹിജയെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാനിലേക്ക് കയറ്റിയത്. കുടുംബാംഗങ്ങളേയും ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു. പൊലീസ് നടപടിക്കിടെ മഹിജയ്‌ക്ക് പരുക്കേറ്റു. തുടര്‍ന്ന് ഇവരെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. ആുപത്രിയിലെത്തിച്ച മഹിജയെ രാഷ്ട്രീയ പ്രമുഖരും ഡിജിപി ലോക്നാഥ് ബെഹ്‌റ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam