
ചെന്നൈ: മലയാളി ഗുണ്ടാനേതാവിന്‍റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെ പോലീസ് വളഞ്ഞുപിടിച്ചു. ചെന്നൈ അമ്പത്തൂര്‍ മലയമ്പാക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് പിടികിട്ടാപ്പുള്ളികളെ പോലീസ് നാടകീയമായി പിടികൂടിയത്. അമ്പത് പേരടങ്ങുന്ന പോലീസ് സംഘം ആഘോഷ സ്ഥലം വളഞ്ഞ് തോക്ക്ചൂണ്ടി പിടികൂടുകയായിരുന്നു. 30 പേരെ സ്ഥലത്ത് വച്ച് പിടികൂടി. ബാക്കിയുള്ളവര്‍ രക്ഷപ്പെടുന്നതിനിടെയും തുടര്‍ന്ന് നടത്തിയ തിരച്ചിലിലുമാണ് പിടികൂടിയത്. അതേസമയം ബിനു ഉള്‍പ്പെടെയുള്ള മറ്റ് ഗുണ്ടകള്‍ ഓടിരക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകിട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ മദന്‍ എന്ന ഗുണ്ട അറസ്റ്റിലായതോടെയാണ് പിറന്നാളാഘോഷത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ എ.കെ. വിശ്വനാഖന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് സര്‍വേശ് രാജിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നു.
എട്ട് കൊലപാതകക്കേസുകളാണ് ബിനുവിനെതിരുള്ളതെന്ന് പോലീസ് പറഞ്ഞു. തിരുവന്തപുരം സ്വദേശിയായ ബിനു ചെന്നൈ ചൂളൈമേടയിലാണ് താമസം.
ആളൊഴിഞ്ഞ പ്രദേശത്തുള്ള വര്‍ക്ക്ഷോപ്പിന് സമീപമായിരുന്നു ആഘോഷം. 150 ല്‍പ്പരം പേര്‍ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് ബിനു ആഘോഷത്തിന് തുടക്കം കുറിച്ചു. ആഘോഷത്തിനിടെ തോക്കുമായി പോലീസ് ചാടിവീണതോടെ ഗുണ്ടകള്‍ ചിതറിയോടി. പലരേയും തോക്കുചൂണ്ടിയാണ് പിടികൂടിയത്.. ചൊവ്വാഴ്ച തുടങ്ങിയ പോലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ട് കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍,കത്തികള്‍, വടിവാളുകള്‍ തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തു.
പിടിയിലാവര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അവരെ അതത് പോലീസ് സ്റ്റേഷനുകളില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തി. ബിനു അടക്കമുള്ള മറ്റ് ഗുണ്ടകള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് പോലീസ് അറിയിച്ചു. മാങ്ങാട്, കുന്‍ഡ്രത്തൂര്‍, പൂനമല്ലി, നസ്രത്ത്പേട്ട്, പോരൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാരാണ് ഗുണ്ടകളെ പിടികൂടാനെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam