സ്ത്രീകളെ അധിക്ഷേപിച്ചു: കൊല്ലം തുളസിക്കെതിരെ പൊലീസ് കേസെടുത്തു

By Web TeamFirst Published Oct 13, 2018, 8:28 AM IST
Highlights

ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ അധിക്ഷേപിച്ച നടന്‍ കൊല്ലം തുളസിക്കെതിരെ കേസെടുത്തു. സ്ത്രീകളെ അധിക്ഷേപിക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ശബരിമലയിലെത്തുന്ന സ്ത്രീകളെ അധിക്ഷേപിച്ച് ഇന്നലെ ആയിരുന്നു കൊല്ലം തുളസിയുടെ പ്രസംഗം.

 

കൊല്ലം: ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ അധിക്ഷേപിച്ച നടന്‍ കൊല്ലം തുളസിക്കെതിരെ കേസെടുത്തു. സ്ത്രീകളെ അധിക്ഷേപിക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ശബരിമലയിലെത്തുന്ന സ്ത്രീകളെ അധിക്ഷേപിച്ച് ഇന്നലെ ആയിരുന്നു കൊല്ലം തുളസിയുടെ പ്രസംഗം.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ശുഭന്മാരാണെന്നും സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം  ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമാണ് എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല സംരക്ഷണറാലിയില്‍ പങ്കെടുത്തു കൊണ്ട് കൊല്ലം തുളസി പറഞ്ഞത്. ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പ്പിള്ള അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് കൊല്ലം തുളസി ഇക്കാര്യം പറഞ്ഞത്. 

തുളസിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ വനിതാ കമ്മീഷൻ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ തുളസിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസിനും പരാതി ലഭിച്ചിട്ടുണ്ടായിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തത്. ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റിംയഗം രതീഷാണ് നടനെതിരെ ചവറ പൊലിസിൽ പരാതി നൽകിയത്. ശബരിമലയിലെത്തുന്ന സ്ത്രീകളെ അപമാനിച്ച കൊല്ലം തുളസിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. 

അതേസമയം, പ്രസ്താവന വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി കൊല്ലം തുളസി രംഗത്തുവന്നു. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അതെന്നും അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു പങ്കു വച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് കൊല്ലം തുളസി പറഞ്ഞു. 


 

click me!