
കൊച്ചി: കോണ്ഗ്രസ് നേതാക്കൾ നടത്തിയ ജനകീയ മെട്രോ യാത്രയ്ക്കെതിരേ പോലീസ് കേസ്. ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കി, മെട്രോ സംവിധാനങ്ങൾക്കു തകരാറുണ്ടാക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മെട്രോ ആക്ട് പ്രകാരമാണ് സംഘാടകർക്കെതിരേ കേസെടുത്തിരിക്കുന്നത്. നേതാക്കളുടെ പേര് എടുത്തുപറഞ്ഞിട്ടില്ലെങ്കിലും തുടരന്വേഷണത്തിൽ നേതാക്കൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കും. പിസിസിയാണ് യാത്ര സംഘടിപ്പിച്ചത്.
നേരത്തെ, ജനകീയ മെട്രോ യാത്ര ചട്ടങ്ങൾ ലംഘിച്ചുവെന്ന് സ്റ്റേഷൻ കണ്ട്രോളർമാർ കഐംആർഎലിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ സ്വീകരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ കോണ്ഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസമാണ് ജനകീയ യാത്ര നടത്തിയത്.
ഗുരുതരമായ പിഴവുകളാണ് കോണ്ഗ്രസിന്റെ ജനകീയ യാത്രയുമായി ബന്ധപ്പെട്ടുണ്ടായതെന്നു കെഎംആർഎൽ കണ്ടെത്തിയത്. അനിയന്ത്രിതമായി പ്രവർത്തകർ സുരക്ഷാ പരിശോധന ഒഴിവാക്കി സ്റ്റേഷനിലേക്കും ട്രെയിനിലേക്കും ഇരച്ചുകയറുകയായിരുന്നു. ആലുവയിൽ നിന്നും ടിക്കറ്റെടുത്ത് നിരവധി പ്രവർത്തകർ ആദ്യം തന്നെ പാലാരിവട്ടത്തേക്ക് പോയി. എന്നാൽ ഉമ്മൻ ചാണ്ടി തങ്ങൾ കയറിയ ട്രെയിനിൽ ഇല്ലെന്ന് മനസിലാക്കിയ ചില പ്രവർത്തകർ പാലാരിവട്ടത്തിന് മുൻപായി പല സ്റ്റേഷനുകളിലും ഇറങ്ങി. മെട്രോ യാത്രാചട്ടങ്ങൾ പ്രകാരം ഇതെല്ലാം നിയമവിരുദ്ധമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam