മതസാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമം: പിഎസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ പരാതി

By Web TeamFirst Published Nov 5, 2018, 3:10 PM IST
Highlights

മതസമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് അഭിഭാഷകനായ പ്രമോദ് പുഴങ്കരയാണ് പരാതി നല്‍കിയത്. 

കൊച്ചി: മതസമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് അഭിഭാഷകനായ പ്രമോദ് പുഴങ്കരയാണ് പരാതി നല്‍കിയത്. പന്തളം സ്വദേശി ശിവദാസന്‍റെ മരണത്തിൽ വ്യാജ പ്രചരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

‘പന്തളം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും കാണാതായ ശിവദാസന്‍ എന്നയാളുടെ മൃതദേഹം ളാഹയ്ക്കു പ്ലാപ്പള്ളിക്കും ഇടയ്ക്ക് നവംബര്‍ 1നു കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ബിജെപി കേരള ഘടകത്തിന്‍റെ അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും നടത്തുന്ന സാമുദായിക വിദ്വേഷവും മതസ്പര്‍ദ്ധയും ഉണ്ടാക്കുന്നതിനും സമൂഹത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായി പ്രവൃത്തികളില്‍ അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഈ പരാതി.’ പരാതിയില്‍ പറയുന്നു.

ശബരിമല തീര്‍ത്ഥാടനത്തിനു പോയ ശിവദാസന്‍റെ മരണം നിലയ്ക്കലില്‍ പൊലീസ് നടപടിയ്ക്കിടെയാണെന്ന് ശ്രീധരന്‍ പിള്ളയടക്കമുള്ളവര്‍ പ്രചരിപ്പിച്ചിരുന്നു. ഈ വ്യാജപ്രചരണത്തിന്‍റെ പേരിലാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പരാതിയുമായി അഭിഭാഷകന്‍ രംഗത്തുവന്നിരിക്കുന്നത്. ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നുമായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്. 

click me!