നാടുവിട്ട മലയാളികളുടെ ഐ എസ് ബന്ധം പൊലീസ് സ്ഥീരീകരിച്ചു

By Prashob MonFirst Published Jul 25, 2016, 7:47 AM IST
Highlights

കൊച്ചി: നാടുവിട്ട മലയാളികള്‍ ഐ എസില്‍ ചേര്‍ന്നത് സ്ഥിരീകരിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എറണാകുളത്ത് നിന്നും കാണാതായ മെറിന്‍ ജേക്കബിനെ ഭര്‍ത്താവ് യഹിയയും മുംബൈയില്‍ നിന്നും അറസ്റ്റിലായ ഖുറേഷിയും ചേര്‍ന്ന് ഐ എസിലേക്കു റിക്രൂട്ട് ചെയ്തതായാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോട്ട്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മലയാളികളുടെ ഐ എസ് ബന്ധം പൊലീസ് സ്ഥിരീകരിക്കുന്നത്. മലയാളികളെ കാണാതായ സംഭവത്തില്‍ ആദ്യമായിട്ടാണ് പൊലീസിന്‍റെ ഔദ്യോഗിക സ്ഥിരീകരണം.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മൂന്നു പ്രതികളാണുള്ളത്. ഖുറേഷി, യഹിയ, റിസ്‍വാന്‍ ഖാന്‍ എന്നിവരാണ് പ്രതികള്‍. ഖുറേഷിയും റിസ്‍വാന്‍ ഖാനും സാക്കിര്‍ നായിക്കിന്‍റെ ഇസ്ലാമിക്ക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ജീവനക്കാരാണ്. രാജ്യദ്രോഹത്തിനും സാമുദായിക സ്പര്‍ദ്ധയും വളര്‍ത്തുന്നതിനു  വേണ്ടി ഈ മൂന്നു പ്രതികളും ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളും റിപ്പോര്‍ട്ടിലുണ്ട്.  ഇതിനായി തമ്മനം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. മെറിന്‍റെ സഹോദരനെയും ഐ എസിൽ റിക്രൂട്ട് ചെയ്യാൻ ശ്രമം നടന്നുവെന്നും തീവ്രവാദ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് മതപരിവര്‍ത്തനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.

 

 

click me!