സിപിഎം സ്ഥാനാർത്ഥിയാവാൻ സാധ്യതയുള്ള എച്ച് സലാമിനായാണ് ചുവരെഴുത്ത് തുടങ്ങിയത്. പേരും പാർട്ടി ചിഹ്നവും ഉൾപ്പെടെയാണ് ചുവരെഴുത്ത്. സ. H സലാമിനെ വിജയിപ്പിക്കുക എന്നിങ്ങനെയാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ആലപ്പുഴ: വിവാദങ്ങൾക്കിടെ അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ചുവരെഴുത്ത് തുടങ്ങി സിപിഎം. സിപിഎം സ്ഥാനാർത്ഥിയാവാൻ സാധ്യതയുള്ള എച്ച് സലാമിനായാണ് ചുവരെഴുത്ത് തുടങ്ങിയത്. പേരും പാർട്ടി ചിഹ്നവും ഉൾപ്പെടെയാണ് ചുവരെഴുത്ത്. സ. H സലാമിനെ വിജയിപ്പിക്കുക എന്നിങ്ങനെയാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഎസ് അച്യുതാനന്ദന്റെ വീടിന് സമീപമാണ് ആദ്യ ചുവരെഴുത്ത്. അമ്പലപ്പുഴയിൽ സിപിഎം വിട്ട ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടാവും. ഇതോടെ അമ്പലപ്പുഴയിൽ മത്സരം കടുക്കുമെന്നാണ് സൂചന.
അതേസമയം, ജി സുധാകരൻ്റെ വിവാദങ്ങളിൽ പ്രതികരിച്ച് വിഎസിന്‍റെ മകൻ വിഎ അരുണ്‍കുമാര്‍ രംഗത്തെത്തി. ജി സുധാകരൻ പാര്‍ട്ടി വിടുമെന്ന് കരുതിയില്ലെന്നും പുന്നപ്ര വിപ്ലവ ഭൂമിയാണെന്നും വിഎ അരുണ്‍കുമാര്‍ പറഞ്ഞു. ഇത് പാര്‍ട്ടി ഗ്രാമമാണ്. ആളുകള്‍ വൈകാരികമായിട്ടായിരിക്കും സുധാകരന്‍റെ തീരുമാനത്തോട് പ്രതികരിക്കുകയെന്നും വിഎ അരുണ്‍കുമാര്‍ പറഞ്ഞു. ജി സുധാകരനുമായുള്ള പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഹരിക്കണം. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. പ്രസ്ഥാനവുമായി ഏറെ ബന്ധമുള്ള ആളുകളാണ് ഇവിടെയുള്ളത്. എല്ലാം പാര്‍ട്ടി കുടുംബങ്ങളാണ്. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് എല്ലാം മുന്നോട്ടുപോകുന്നത്. പാര്‍ട്ടിയിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് ജി സുധാകരനാണ് ആലോചിക്കേണ്ടതെന്നും വിഎ അരുണ്‍കുമാര്‍ പറഞ്ഞു.
പ്രശ്നങ്ങൾ പാർട്ടിയോട് ആയിരുന്നു പറയേണ്ടിയിരുന്നത്. ജി സുധാകരൻ വിഷയത്തിൽ പാർട്ടിയുടെ നിലപാട് തന്നെയാണ് തനിക്കുമുള്ളത്. ഞങ്ങൾ എല്ലാവരും പാർട്ടി കുടുംബമാണ്. പാര്‍ട്ടി ശരിയായ തീരുമാനങ്ങൾ എടുത്തു. ഈ നാടിന് ആദ്യ പരിഗണന പാർട്ടി മാത്രമാണെന്നും അതനുസരിച്ചാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്നും വി എ അരുണ്‍കുമാര്‍ പറഞ്ഞു.



