
തൃശൂര്‍:എടിഎം കവര്‍ച്ചാ പരമ്പരകേസില്‍ അഞ്ച് ദിവസമായിട്ടും പൊലീസിന് കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. കൃത്യമായ തെളിവ് കിട്ടാത്തതിനാൽ അന്വേഷണം എങ്ങനെ കൊണ്ടുപോകണമെന്നതിൽ പൊലീസിന് വ്യക്തതയില്ല. പ്രതികളെക്കുറിച്ച് എടിഎം കൗണ്ടറിനകത്തു നിന്നു കിട്ടിയ സിസിടിവി ദൃശ്യങ്ങളല്ലാതെ മറ്റൊരു തെളിവും ഇപ്പോള്‍ അന്വേഷണസംഘത്തിൻറെ കൈവശമില്ല. ഇതരസംസ്ഥാനതൊഴിലാളികളാണ് പ്രതികള്‍ എന്നതുമാത്രമാണ് ഇവരെക്കുറിച്ചുള്ള സൂചന.
കൊരട്ടിയിൽ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൗണ്ടര്‍ കുത്തി തുറന്ന് പത്ത് ലക്ഷം രൂപയാണ് പ്രതികള്‍ കവര്‍ന്നത്. ദേശീയപാതയിലെ എടിഎമ്മില്‍ നടത്തിയ കവര്‍ച്ചയില്‍ സിസിടിവി ക്യാമറയില്‍ സ്പ്രേ പെയിന്‍റ് അടിച്ചാണ് കൃത്യം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പറയുമ്പോഴും എങ്ങോട്ട് പോകണമെന്നതിൽ തീരുമാനമായില്ലെന്ന് തൃശ്ശൂര്‍ റൂറൽ എസ്പി പറഞ്ഞു.
പ്രതികള്‍ വാഹനം ഉപേക്ഷിച്ചുപോയ ചാലക്കുടി സ്കൂള്‍ ഗ്രൗണ്ടിൻറെ പരിസരത്തു നിന്നോ സമീപപ്രദേശത്തു നിന്നോ മറ്റൊരു ദൃശ്യവും ലഭിച്ചിട്ടില്ല. ചാലക്കുടി തൃശൂര്‍ റയില്‍വെസ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകളില്ലാത്തതിനാല്‍ പ്രതികള്‍ ട്രയിൻ വഴി സംസ്ഥാനം വിട്ടുവെന്നതിനും തെളിവില്ല. സംസ്ഥാനത്തുണ്ടായ മറ്റ് എടിഎം കവര്‍ച്ചാ കേസുകളില്‍ പ്രതികള്‍ക്ക് പങ്കില്ലെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്.
എടിഎം കവർച്ചാക്കേസിൽ തൃശൂരില്‍ നിന്നും ലഭിച്ച ഏഴംഗ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പ്രതികളുടേതല്ലെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. അതേസമയം രണ്ടുവർഷം മുമ്പ് അസമില്‍ സമാനരീതിയില്‍ നടന്ന കവർച്ചാകേസിലെ പ്രതികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam