ബോണക്കാട് പൊലീസിന് നേരെ കല്ലേറ്; അതിക്രമിച്ച് കടന്നവര്‍ക്ക് നേരെ ലാത്തി പ്രയോഗം

By Web DeskFirst Published Jan 5, 2018, 11:50 AM IST
Highlights

ബോണക്കാട്: നെയ്യാറ്റിൻ രൂപതയുടെ കീഴിയിലുള്ള വിശ്വാസികള്‍ ബോണക്കാട് കുശിമലയിലേക്ക്  കുശിന്റെ വഴിയേ എന്ന പേരിൽ നടത്തിയ യാത്ര പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. വിശ്വാസികളും പൊലീസും തമ്മില്‍ കല്ലേറുണ്ടായി. വിശ്വാസികള്‍ക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു. 

മലയിൽ സ്ഥാപിച്ചിരുന്നു മരക്കുരിശിന് നേരത്തെ മിന്നലേറ്റ് തകർന്നിരുന്നു. ഇതിന് പകരം പുതിയ കുരിശ് സ്ഥാപിക്കാനാണ് വിശ്വാസികള്‍ യാത്ര സംഘടിപ്പിച്ചത്. എന്നാൽ വനംഭൂമിയിൽ കുരിശ് സ്ഥാപിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ  വനത്തിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ബോണക്കാടുവച്ച് വിശ്വാസികളെ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തടഞ്ഞു. പൊലീസ് ബാരിക്കേഡ് തകർത്ത പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു.

പ്രതിഷേക്കാരുമായി തഹസിൽദാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. 15പേരെ മലയിലേക്ക് കടക്കാൻ അനുവദിക്കാമെന്നായിരുന്നു തഹസിൽദാരുടെ നിലപാട്. എന്നാൽ മുഴുവൻ വിശ്വാസികളേയും മലയിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം ബോണക്കാട് പ്രശ്നം രൂക്ഷമാക്കുന്നത് ശരിയല്ലെന്ന് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ഹൈക്കോടതി വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പ്രശ്നം പരിഹരിക്കാൻ സർവ്വകക്ഷി യോഗം വിളിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
 

click me!