നിലമ്പൂരില്‍ രണ്ടു മാവോയിസ്റ്റുകളെ പൊലീസ് വധിച്ചു

By Web DeskFirst Published Nov 23, 2016, 11:08 PM IST
Highlights

നിലമ്പൂര്‍ വന മേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ രണ്ടു മാവോ നേതാക്കള്‍ കൊല്ലപ്പെട്ടു. തൃശൂര്‍ റേഞ്ച് ഐ ജി എം ആര്‍ അജിത്കുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെയാണ് രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ആന്ധ്ര സ്വദേശി കുപ്പ ദേവരാജ്, അജിത എന്നിവര്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. കരുളായി-പടുക്ക മേഖലയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിന്തുണയോടെയും വലിയ സജ്ജീകരണങ്ങളൊരുക്കിയും നടത്തിയ ഏറ്റുമുട്ടലാണെന്ന് പൊലീസ് അധികൃതര്‍ പറയുന്നു. 20 വര്‍ഷമായി തമിഴ്നാട് പൊലീസ് അന്വേഷിക്കുന്ന ഒരാളാണ് കൊല്ലപ്പെട്ട കുപ്പ ദേവരാജ് എന്നാണ് വിവരം. സൈലന്റ് വാലി വന മേഖലയില്‍ വനം വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ മുതല്‍ തന്നെ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് കമാന്റോകളടങ്ങിയ പൊലീസ് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മരിച്ചതില്‍ ഒരാള്‍ മാവോയിസ്റ്റുകളുടെ കേന്ദ്ര കമ്മിറ്റി അംഗമാണെന്നും വിവരമുണ്ട്. പ്രദേശത്ത് നിന്ന് രക്ഷപെട്ട മറ്റ് മാവോയിസ്റ്റുകള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടല്‍ ഏകദേശം അവാസനിച്ചതായും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാടിന് പുറത്തെത്തിക്കാനുള്ള ആംബുലന്‍സുകള്‍ സജ്ജീകരിക്കുകയാണെന്നും പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. പല സംഘങ്ങളായി തിരിഞ്ഞ് 150ലധികം പൊലീസുകാര്‍ പ്രദേശത്ത് നടക്കുന്ന തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല

കഴിഞ്ഞമാസം മുണ്ടക്കടവ് കോളനിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതിന് ശേഷം തുടര്‍ച്ചയായ പരിശോധനകള്‍ ഈ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും പൊലീസും നടത്തിവരുന്നുണ്ട്. നേരത്തെ നടന്ന ഏറ്റമുട്ടലില്‍ മാവോയിസ്റ്റുകള്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു.

click me!