
ആലപ്പുഴ: മുഖ്യമന്ത്രിയ്ക്കും മാധ്യമങ്ങള്‍ക്കുമെതിരെ അസഭ്യ വര്‍ഷം നടത്തിയ ആലപ്പുഴ എആര്‍ ക്യാമ്പിലെ പോലീസുദ്യോഗസ്ഥന് വരമ്പത്ത് കൂലി. കായംകുളം സ്വദേശി രാജഗോപാലിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരെ അകാരണമായി കയ്യേറ്റം ചെയ്ത എസ്ഐ വിമോദിനെതിരെ നടപടിയെടുത്തവരെയും രാജഗോപാല്‍ വിട്ടില്ല.
രാജഗോപാല്‍ അരുണിമ എന്നാണ് ഫേസ്ബുക്കിലെ പേര്. കഴിഞ്ഞ കുറച്ച് ദിവസമായി രാജഗോപാല്‍ ഫേസ്ബുക്കില്‍ ഉറഞ്ഞു തുള്ളുകയായിരുന്നു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ ആകാരണമായി കസ്റ്റേഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത എസ്ഐ വിമോദിനെ സസ്പെന്‍റ് ചെയ്തതോടെയാണ് രാജഗോപാല്‍ പോലീസാണെന്ന കാര്യം മറന്നു പോയത്. പിന്നെ ഒന്നും നോക്കിയില്ല.
പോയവര്‍ക്കും വന്നവര്‍ക്കു മെല്ലാം അസഭ്യവര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയനെയും മാധ്യമങ്ങളെയും ഡിജിപിയെയും എല്ലാം ഫേസ്ബുക്കില്‍ രാജഗോപാല്‍ കടന്നാക്രമിച്ചു. ആഗസ്ത് ഒന്നാംതീയ്യതി രാവില 9.27 നിട്ട് പോസ്റ്റില്‍ ഈ പോലീസുകാരന്‍ പറയുന്നത് സെന്‍കുമാര്‍ സാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ്. അന്നേ ദിവസം തന്നെ ഉച്ചതിരിഞ്ഞ് രണ്ട് മണിയായപ്പോള്‍ വെല്ലുവിളി മുഖ്യമന്ത്രിയോടായി.
ഇരട്ടച്ചങ്കെന്ന് പറഞ്ഞയാള്‍ക്ക് നട്ടെല്ലെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എസ്ഐ വിമോദിന് ഈ ഗതി വരില്ലായിരുന്നു. നാലാംലിഗക്കാര്‍ക്ക് അമിത സ്വാതന്ത്രമാണ്. പിന്നീട് അസഭ്യവര്‍ഷവും. സംഭവമറിഞ്ഞതോടെ ആലപ്പുഴ എആര്‍ ക്യാമ്പിലെ ഡെപ്യൂട്ടി കമാന്‍റിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് കിട്ടി.
ഉച്ചയാകുമ്പോഴേക്ക് സസ്പെന്‍ഷനും കയ്യില്‍ കിട്ടി. വൈകീട്ട് ഫേസ് ബുക്ക് നോക്കിയപ്പോള്‍ ഈ വീരശൂരപരാക്രമിയായ രാജഗോപാലെന്ന പോലീസുകാരന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് കാലിയായിരുന്നു. ചിരിച്ചുകൊണ്ടിരിക്കുന്ന എസ്ഐ വിമോദിന്‍റെ ചിത്രംമാത്രം ബാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam