
തൃശൂര്‍: കൊരട്ടി സെൻറ് മേരീസ് പള്ളിയില്‍ കാണിക്ക സ്വര്‍ണം തിരിമറി നടത്തിയ സംഭവത്തില്‍ മുൻ വികാരി ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോടതിയുടെ ഉത്തരവ് പ്രകരമാണ് കേസെടുത്തത്. പള്ളിയുടെ കണക്കുകള്‍ ഓഡിറ്ററെ വെച്ച് പൊലീസ് പരിശോധിക്കും.
കൊരട്ടി സെൻറ് മേരീസ് പള്ളിയില്‍ സ്വര്‍ണവില്‍പനയില്‍ 24 കോടി രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നും ഇതെകുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇടവക വിശ്വാസിയായ റെന്നി ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ചാലക്കുടി മജിസ്ട്രേ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. മുൻ വികാരി ഫാ മാത്യു മണവാളൻ, മുൻ ട്രസ്റ്റിമാര്‍ ജീവനക്കാര്‍ തുടങ്ങി പത്തുപേര്‍ക്കെതിരെയാണ് കേസ്. ഈ പത്തുപേരെയും കൊരട്ടി പൊലീസ് ഉടൻ ചോദ്യം ചെയ്യും. പൊലീസ് നിയോഗിച്ച ഓഡിറ്റര്‍ അടുത്ത ദിവസം തന്നെ പള്ളിയിലെത്തി കണക്കുകള്‍ പരിശോധിക്കും.
കാണിക്ക സ്വര്‍ണ, നേര്‍ച്ച പണം, കെട്ടിടനിര്‍മാണം എന്നിവയുടെ രേഖകളാണ് പ്രധാനമായും പരിശോധിക്കുക. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. പള്ളിയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയില്‍ വിശ്വാസികള്‍ എറണാകുളം-അങ്കമാലി അതിരൂപത നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. അതേസമയം നിയമനടപടി ഒഴിവാക്കാൻ മുൻവികാരിയും കൂട്ടരും ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam