ബംഗ്ലാദേശിലെ പ്രശസ്ത ഗായകൻ ജെയിംസിന്റെ സംഗീത പരിപാടി അക്രമത്തെ തുടർന്ന് റദ്ദാക്കി. ഫരീദ്പൂരിൽ നടന്ന പരിപാടിക്ക് നേരെ ഒരു കൂട്ടം ആളുകൾ കല്ലെറിയുകയും ബലമായി വേദിയിൽ പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഘാടകർ പരിപാടി നിർത്തിവെച്ചത്.
ധാക്ക: ബംഗ്ലാദേശിലെ പ്രശസ്ത ഗായകൻ ജെയിംസിന്റെ സംഗീത പരിപാടി റദ്ദാക്കി. പരിപാടിക്ക് നേരെ അക്രമമുണ്ടായ സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്. ധാക്കയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയുള്ള ഫരീദ്പൂരിൽ വിദ്യാഭ്യാസ സ്ഥാപനത്തിൻ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതിനായിരുന്നു പരിപാടി. എന്നാൽ, ഒരു കൂട്ടം അക്രമികൾ വേദിയിലേക്ക് ബലം പ്രയോഗിച്ച് പ്രവേശിക്കാൻ ശ്രമിക്കുകയും ജനക്കൂട്ടത്തിന് നേരെ ഇഷ്ടികകളും കല്ലുകളും എറിയുകയും ചെയ്തു. അക്രമികളെ വിദ്യാർത്ഥികൾ ചെറുത്തുനിന്നെങ്കിലും, പ്രാദേശിക അധികാരികളുടെ നിർദ്ദേശത്തെത്തുടർന്ന് ഒടുവിൽ കച്ചേരി റദ്ദാക്കി. സംഭവത്തിൽ 25 ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
'നാഗർ ബൗൾ' എന്ന റോക്ക് ബാൻഡിലെ പ്രധാന ഗായകനും, ഗാനരചയിതാവും, ഗിറ്റാറിസ്റ്റുമാണ് ജെയിംസ്. ബോളിവുഡ് ചിത്രമായ ഗ്യാങ്സ്റ്ററിലെ എന്ന ചിത്രത്തിലെ 'ഭീഗി ഭീഗി', 'ലൈഫ് ഇൻ എ മെട്രോ' എന്ന ചിത്രത്തിലെ 'അൽവിദ' തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ ജെയിംസ് വളരെ ജനപ്രിയനാണ്. സമീപകാലത്ത്, തീവ്ര ഇസ്ലാമിക തീവ്രവാദികൾ കലാകാരന്മാർക്ക് നേരെ അക്രമമഴിച്ചുവിടുന്ന പ്രവണത വർധിച്ചിട്ടുണ്ടെന്ന് സാംസ്കാരിക പ്രവർത്തകർ ആരോപിച്ചു. ഛായാനൗട്ട്, ഉഡിച്ചി തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങൾ, കലാകാരന്മാർ, പത്രപ്രവർത്തകർ, പത്ര ഓഫീസുകൾ എന്നിവ ആക്രമിക്കപ്പെട്ടു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു.
ബംഗ്ലാദേശിൽ വളർന്നുവരുന്ന അസഹിഷ്ണുതയുടെ അടയാളമാണ് പരിപാടി റദ്ദാക്കിയതെന്ന് എഴുത്തുകാരി തസ്ലീമ നസ്രീൻ പറഞ്ഞു. സാംസ്കാരിക കേന്ദ്രമായ ഛായാനൗട്ട് കത്തിച്ചുകളഞ്ഞിരിക്കുന്നു. സംഗീതം, നാടകം, നൃത്തം, പാരായണം, നാടോടി സംസ്കാരം എന്നിവയുടെ പ്രചാരണത്തിലൂടെ മതേതരവും പുരോഗമനപരവുമായ അവബോധം വളർത്തിയെടുക്കുന്നതിനായി നിർമ്മിച്ച ഉഡിച്ചി എന്ന സംഘടനയും ഇല്ലാതാക്കിയെന്നും അവർ ആരോപിച്ചു.
