ഗൗരിനേഘയുടെ മരണം: അധ്യാപികമാര്‍ ക്രൂരത കാട്ടിയെന്ന് പൊലീസ്

By Web DeskFirst Published Nov 6, 2017, 11:20 PM IST
Highlights

കൊച്ചി: കൊല്ലത്ത് സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച ഗൗരിയോട് അധ്യാപകർ കാട്ടിയത് ക്രൂരതയെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകി. കുട്ടിയെ മാനസികമായി തളർത്തിയ അധ്യാപകർ മുൻകൂർ ജാമ്യത്തിന് അർഹരല്ലെന്നും  പ്രോസിക്യുഷൻ കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഘയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു അദ്ധ്യാപകരായ സിന്ധു പോൾ, ക്രെസെന്റ്സ് നേവിസ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് പോലീസ് റിപ്പോർട്ട്‌ ഹൈക്കോടതിയിൽ സമർപ്പിച്ചത്. വിദ്യാര്‍ത്ഥിനിയോട് പ്രതികളായ അദ്ധ്യാപകർ പെരുമാറിയത്‌ ക്രൂരമായാണ്. ഇവർ മുൻകൂർ ജാമ്യം അര്‍ഹിക്കുന്നില്ല. പത്താം ക്ലാസില്‍ ഊണ് കഴിക്കുകയായിരുന്ന വിദ്യാർഥിനിയെ ഒന്നാം പ്രതിയായ സിന്ധു പോൾ എട്ടാം ക്ലാസിലേക്ക്‌ വിളിച്ചുകൊണ്ടുവന്നു ശാസിച്ചു. വരും വഴിയും പോകും വഴിയും പരസ്യ ശാസന തുടർന്നു. ഇത് കുട്ടിയുടെ മനോവിഷമം കൂട്ടുന്നതിനിടയാക്കി. സംഭവം നടന്നു പത്ത് മിനിറ്റിനുള്ളിൽ കുട്ടി ആത്മഹത്യ ചെയ്തു. സിസിടിവി ദൃശ്യങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നതായി പോലീസ് കോടതിയെ അറിയിച്ചു. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പ്രോസിക്യുഷന് കോടതിയിൽ പറഞ്ഞു. കേസില്‍ ഗൗരി നേഘയുടെ അച്ഛൻ പ്രസന്ന കുമാറും കക്ഷി ചേർന്നു. കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തില്ലെങ്കിൽ സത്യം പുറത്തുവരില്ലെന്നു ഗൗരിയുടെ അച്ഛൻ ബോധിപ്പിച്ചു. ഗൗരി ചാടിയതിനു തൊട്ടടുത്ത ദിവസം അതേ ക്ലാസിലെ വിദ്യാർഥികൾക്ക് സ്പെഷ്യൽ ക്ലാസ് വച്ചത് ദുരൂഹമാണ്. അദ്ധ്യാപകർക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കും എന്നും ഗൗരിയുടെ പിതാവ് ബോധിപ്പിച്ചു. അധ്യാപകർക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം നിലനിൽക്കുമോ എന്ന് കോടതി ആരാഞ്ഞു. നിലനില്ക്കും എന്നായിരുന്നു പ്രോസിക്യുഷന്റെ മറുപടി. കേസ് നാളെ പരിഗണിക്കാനായി മാറ്റി.

click me!