പീഡനക്കേസ്: ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാലിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

By Web TeamFirst Published Nov 17, 2018, 11:24 PM IST
Highlights

മൊഴിനൽകി ഒരു മാസം കഴിഞ്ഞിട്ടും കേസിൽ മ്യൂസിയം പോലീസ് തുടർനടപടികൾ സ്വീകരിക്കാത്തത് ജീവൻലാലിനുള്ള ഉന്നത ബന്ധങ്ങൾ മൂലമാണെന്ന് സംശയിക്കുന്നതായും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

തൃശൂര്‍: പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ഡിവൈഎഫ്ഐ നേതാവ് ജീവന്‍ ലാലിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യമാവശ്യപ്പെട്ട് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകി. സിപിഎമ്മിൽ നിന്നും മോശമായ അനുഭവം ഉണ്ടായതിനാലാണ് സഹായത്തിനായി പ്രതിപക്ഷ നേതാവിനെ സമീപിച്ചതെന്ന് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കി

എംഎൽഎ ഹോസ്റ്റലിൽ വച്ച് ഡിവൈഎഫ്ഐ നേതാവ് ജീവൻലാൽ പീഡിപ്പിച്ചു എന്ന കേസിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടിയുടെ അമ്മ പ്രതിപക്ഷ നേതാവിന് കഴി‍ഞ്ഞ ദിവസം കത്ത് നൽകിയത്. മൊഴി നൽകി ഒരുമാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്ത നടപടിയെ ചോദ്യം ചെയ്താണ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകിയത്. ജീവൻലാലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു. അതേസമയം പാർട്ടിയിലെ ചില ഉന്നതരോടുള്ള വിശ്വാസം നഷ്ടമായെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

ജീവൻലാലിനെതിരെ പരാതി നൽകിയ ശേഷം കുടുംബത്തെ ഒറ്റപ്പെടുത്താൻ ശ്രമമുണ്ടായി. പാർട്ടിയിലെ വാട്സ്ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി. സമൂഹമാധ്യമങ്ങളിൽ മോശം പ്രചാരണങ്ങൾ നടത്തി. എന്നിട്ടും നീതി കിട്ടുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല. മൊഴിനൽകി ഒരു മാസം കഴിഞ്ഞിട്ടും കേസിൽ മ്യൂസിയം പോലീസ് തുടർനടപടികൾ സ്വീകരിക്കാത്തത് ജീവൻലാലിനുള്ള ഉന്നത ബന്ധങ്ങൾ മൂലമാണെന്ന് സംശയിക്കുന്നതായും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

click me!