ദാസ്യപ്പണി: ഡെപ്യൂട്ടി കമാന്‍ഡന്‍റ് പിവി രാജുവിനെ രക്ഷിക്കാന്‍ നീക്കം

By Web DeskFirst Published Jun 26, 2018, 10:19 AM IST
Highlights
  • ദാസ്യപ്പണി: ഡെപ്യൂട്ടി കമാന്‍ഡന്‍റ് പിവി രാജുവിനെ രക്ഷിക്കാന്‍ നീക്കം

തിരുവനന്തപുരം:  ദാസ്യപ്പണി ആരോപണ വിധേയനായ ഡെപ്യൂട്ടി കമാൻഡന്റ് പിവി രാജുവിനെ രക്ഷിക്കാൻ നീക്കം. രാജുവിനെതിരെ നടപടി വേണമെന്ന ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ രണ്ടു ശുപാർശയും അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത്.  ശനിയാഴ്ച  ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. ദാസ്യപ്പണി ചെയ്യിപ്പിച്ചുവെന്ന കണ്ടെത്തൽ ഈ റിപ്പോർട്ടിലുണ്ട്. 

എന്നാല്‍ രാജുവിന്റെ പരാതിയിൽ വീണ്ടും അന്വേഷണം നടത്താനാണ് നീക്കം നടക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ കള്ളമാണെന്നും,  ആരോപണം വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രാജു  മുഖ്യമന്ത്രിക്കു നൽകിയിരുന്നു. ഈ പരാതി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരിക്കുകയാണിപ്പോള്‍. ഈ പരാതിയിൽ വീണ്ടും അന്വേഷണം നടത്തി നടപടി വൈകിപ്പിക്കാനും, നേരത്തെയുള്ള റിപ്പോര്‍ട്ട് അട്ടിമറിക്കാനുമാണ് ശ്രമം.

കീഴ്ജീവനക്കാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിച്ചെന്ന പരാതിയിലായിരുന്നു  എസ്എപി ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്‍റൻറ് പി.വി.രാജുവിനെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ ഡിജിപി ശുപാർശ ചെയ്തത്. രാജുവിനെതിരെ ശിക്ഷണ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തരസെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ക്യാമ്പ് ഫോളോവർമാരെ കൊണ്ട് പിവി രാജു വീട്ടിലെ ടൈൽസ് പണി ചെയ്യിച്ചുവെന്ന  പരാതി ഉയർന്നപ്പോള്‍ തന്നെ തല്‍സ്ഥാനത്തുനിന്നും മാറ്റാൻ ഡിജിപി ശുപാർശ ചെയ്തിരുന്നെങ്കിലും,  അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്നായിരുന്നു ആഭ്യന്തരവകുപ്പിൻറെ നിലപാട്. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം നടക്കുന്നത്.  പിവി രാജു ദാസ്യപ്പണിയെടുപ്പിച്ചുവെന്ന് ഐജി ജയരാജ് നടത്തിയ അന്വേഷണത്തിലും വ്യക്തമായിരുന്നു. രണ്ട് റിപ്പോര്‍ട്ടുകളിലും നടപടി വൈകിപ്പിക്കാനും റിപ്പോര്‍ട്ട് അട്ടിമറിക്കാനും ഇപ്പോള്‍ നീക്കം നടക്കുകയാണ്.

click me!