Latest Videos

മൂന്നാര്‍ അതിജീവന പോരാട്ട വേദിയിൽ ഭിന്നത, യുഡിഎഫ് യോഗം നാളെ

By Web DeskFirst Published Jun 26, 2018, 9:44 AM IST
Highlights
  • അതിജീവന പോരാട്ട വേദിയിൽ ഭിന്നത, യുഡിഎഫ് യോഗം നാളെ

ഇടുക്കി: മൂന്നാറിലെ അതിജീവന പോരാട്ട വേദിയിൽ നിന്ന് പിന്മാറാനൊരുങ്ങി യുഡിഎഫ്. ഉദ്യോഗസ്ഥരെ പഴിചാരി മൂന്നാറിലെ ഭൂപ്രശ്നങ്ങളിൽ നിന്ന് സിപിഎം രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പിന്മാറ്റം. തുടർനടപടികൾ ആലോചിക്കാൻ യുഡിഎഫ് ഉന്നതാധികാര സമിതി അടുത്ത ദിവസം തൊടുപുഴയിൽ യോഗം ചേരുമെന്ന് കോൺഗ്രസ് അറിയിച്ചു.

ഹൈറേഞ്ച് സംരക്ഷണ സമിതി മാതൃകയിൽ മൂന്നാറിലെ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രൂപീകരിച്ചതാണ് അതിജീവനപോരാട്ട വേദി. കെസിപിസി വൈസ് പ്രസിഡന്‍റ് എകെ മണി ചെയർമാനും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെവി ശശി ജനറൽ കൺവീനറുമായി രൂപീകരിച്ച സംഘടനയ്ക്ക് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മത_സാംസ്കാരിക സംഘടനകളുടെയും പിന്തുണയുണ്ട്. 

മൂന്നാറിലെ എട്ട് വില്ലേജുകളിൽ നിലനിൽക്കുന്ന നിർമാണ നിരോധനത്തിനെതിരെ അതിജീവന പോരാട്ടവേദി കഴിഞ്ഞ ആഴ്ച അടിമാലിയിൽ ദേശീയപാത ഉപരോധിച്ചിരുന്നു. എന്നാൽ സമരത്തിനപ്പുറം മൂന്നാറിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സിപിഎമ്മിന് താത്പര്യമില്ലെന്നാണ് യുഡിഎഫിന്‍റെ ആരോപണം.

അതിജീവന പോരാട്ട വേദിയിൽ നിന്ന് പിന്മാറുന്നതിന്‍റെ ഭാഗമായാണ് യുഡിഎഫ് ഒറ്റയ്ക്ക് ഇടുക്കിയിൽ കഴിഞ്ഞ ദിവസം ഹർത്താൽ നടത്തിയതെന്നാണ് സൂചന. എന്നാൽ യുഡിഎഫിന്‍റെ നിലപാട് മാറ്റത്തെ കുറിച്ച് അറിയില്ലെന്നും സംഘടനയിൽ ഭിന്നതയില്ലെന്നും സിപിഎം വ്യക്തമാക്കി.

click me!